ആര്യങ്കാവിലെ കേരള തമിഴ്നാട് അതിർത്തിഗ്രാമത്തിലെ നെൽപ്പാടം. നെല്ല് കതിരിട്ട് നിൽക്കേണ്ട സമയമാണിത്. എന്നാൽ പാടത്തെ കാഴ്ചകളിങ്ങനെയാണ്. മഴ ചതിച്ചതോടെ മനം കരിഞ്ഞ കർഷകർ കാലികളേ മേക്കാൻ വിട്ടിരിക്കുകയാണിപ്പോൾ. കാലികൾക്ക് വേണ്ട പുല്ല്പോലും വയലിലില്ല. നെൽകൃഷിയെ മാത്രം ആശ്രയിച്ചാണ് ഈ ഗ്രാമങ്ങളിലെ ജനങ്ങൾ ജീവിക്കുന്നത്. രണ്ട് വിള മുടങ്ങിയതോടെ ഇവരും വലിയ പ്രതിസന്ധിയിലാണ്. സമയത്തിന് മഴകിട്ടാതായതോടെ വിത്തിറക്കിയതും നശിച്ചു.
തമിഴ്നാട്ടിൽ പാട്ടത്തിന് കൃഷി ഇറക്കിയ മലയാളികളുടെ അവസ്ഥയും ഇതുതന്നെ. തമിഴ്നാട്ടിൽ കൃഷി ആവശ്യത്തിന് വൈദ്യുതി സൗജന്യമായികിട്ടും. ഇങ്ങിനെ പമ്പ് ചെയ്ത് വെള്ളമെത്തിക്കാൻ പോലും ജല സ്രോതസ്സുകളില്ല. എല്ലാം വറ്റി വരണ്ടു. സമാനമായ അവസ്ഥയാണ് മലയോരമേഖലയിലെ കുരുമുളക് ഏലം കാപ്പി കർഷകരും നേരിടുന്നത്. മഴക്കാലത്ത് പോലും വെള്ളത്തിന് മറ്റു വഴികൾ തേടേണ്ട അവസ്ഥ.
ഇതുവരെ ഇരുപത്തിരണ്ട് ശതമാനം മഴക്കുറവാണ് കൊല്ലം ജില്ലയിൽ രേഖപ്പെടുത്തിയത്. കാലവര്‍ഷവും തുലാവര്‍ഷവും ഒപ്പം പരാജയപ്പെടുന്ന ഇതുപൊലൊരവസ്ഥ കേരളം മുമ്പ് അനുഭവിച്ചിട്ടില്ല.
