പരവൂര്‍ (കൊല്ലം): പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണസംഖ്യ 109 ആയി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെടുങ്ങോലം സ്വദേശി പ്രസന്നന്‍(40), മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിപ്പുറം സ്വദേശി വിനോദ്(34) എന്നിവരാണ് ഇന്ന് മരിച്ചത്. അപകടത്തില്‍ നാനൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ല. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്.

85 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം നടപടികളാണ് ഇതുവരെ പൂര്‍ത്തിയായത്. കൊല്ലത്ത് നാല് മൃതദേഹങ്ങള്‍ കൂടി ഇന്ന് തിരിച്ചറി‌ഞ്ഞു. 18 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്ത് 14 ഉം തിരുവനന്തപുരത്ത് നാലും മൃതദേഹങ്ങളാണ് തിരിച്ചറിയാനുള്ളത്. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത് തുടങ്ങി. തിരുവനന്തപുരത്തും കൊല്ലത്തുമായി നിരവധി പേരാണ് ചികിത്സയിലുള്ളത്. അതേസമയം, അപകടത്തില്‍ പരിക്കേറ്റ ആരേയും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റേണ്ടതില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കാണാതായവരെ കുറിച്ച് വിവരങ്ങളറിയാനുള്ള നമ്പറുകള്‍. കണ്‍ട്രോള്‍ റൂം നമ്പര്‍- 0474-2512344, 0474-2794002 . കണ്‍ട്രോള്‍ റൂം നമ്പര്‍ (ടോള്‍ ഫ്രീ) 1077. ഹെല്‍പ് ലൈന്‍ നമ്പര്‍: 9496 175494. മെഡി. കോളേജിലെ കണ്‍ട്രോള്‍ റൂം നമ്പര്‍: 0471-2528300,2528647 .

ഞായറാഴ്ച പുലര്‍ച്ചെ 3.15നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തിയ മത്സര വെടിക്കെട്ടിനിടെ ഒരു അമിട്ട് പൊട്ടിത്തെറിച്ച് ക്ഷേത്രവളപ്പിലെ തെക്കേ കമ്പപ്പുരയില്‍ വീണാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. കോണ്‍ക്രീറ്റ് നിര്‍മിതമായ കമ്പപ്പുരയില്‍ സൂക്ഷിച്ചിരുന്ന അമിട്ടുകളും ഗുണ്ടുകളും ഞൊടിയിടയില്‍ പൊട്ടിത്തെറിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ ക്ഷേത്രഗേറ്റിനു മുന്‍വശവും പരിസരവും അഗ്നിഗോളമായതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക്ഷേത്രപരിസരത്തിന് ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ നൂറുകണക്കിനു വീടുകള്‍ക്കും നാശം സംഭവിക്കുകയായിരുന്നു.