മാലിന്യം തള്ളിയാല്‍ പൊലീസ് പിടിക്കും കൊല്ലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കേസെടുക്കും പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇടപെടല്‍ കൊല്ലത്ത് ഇതുവരെ ഡെങ്കിപ്പനി ബാധിതര്‍ 90 പേര്‍
കൊല്ലം:വഴിവക്കിൽ മാലിന്യം തള്ളുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് കൊല്ലം പൊലീസിന്റെ മുന്നറിയിപ്പ്. ജില്ലയിൽ കരിമ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 90 പേരാണ് ഡെങ്കിപ്പനിയുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലാതെ മാലിന്യം തള്ളല് സ്ഥിരം കാഴ്ചയാണ് കൊല്ലത്ത്. മഴകൂടിയെത്തിയതോടെ മാലിന്യം റോഡിലേക്കാണൊഴുകുന്നത്. ഈ സാഹചര്യത്തിലാണ് കര്ശന നടപടിയുമായി പൊലീസ് രംഗത്തെത്തുന്നത്.
ഓരോ സ്റ്റേഷനിലെയും എസ്ഐമാര്ക്കായിരിക്കും മാലിന്യം തള്ളുന്നവരെ കണ്ടെത്താനുള്ള ചുമതല. ഇതിനായി റസിഡൻസ് അസോസിയേഷനുകളെ പൊലീസുമായി സഹകരിപ്പിക്കുകയും സിസിടിവി ക്യാമറകളുടെ സഹായം തേടുകയും ചെയ്യും. രാത്രികാലങ്ങളിലും പുലര്ച്ചെയുമാണ് പ്രധാനമായും മാലിന്യം തള്ളുന്നത്. ഈ സമയത്ത് പെട്രോളിംഗ് ശക്തമാക്കും. മാലിന്യം തള്ളുന്നത് ശ്രദ്ധയില്പ്പെട്ടാല് 1090 എന്ന നമ്പറില് വിളിച്ചാല് ഉടൻ നടപടിയുണ്ടാകുമെന്നും കമ്മീഷണര് ഡോ. അരുള് ആര്ബി കൃഷ്ണ അറിയിച്ചു.
