Asianet News MalayalamAsianet News Malayalam

കമ്പപ്പുര കത്തിച്ചത് തീ പടര്‍ന്ന അമിട്ടുമായി ഓടിക്കയറിയ തൊഴിലാളി ?

Kollam Puttingal temple tragedy: Mobile Phone Video reveals new theory
Author
Kollam, First Published Apr 11, 2016, 8:10 AM IST

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തത്തിന് കാരണമായത് വെടിക്കെട്ട് തൊഴിലാളിയുടെ അശ്രദ്ധയാണെന്ന് സൂചന നല്‍കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.തീപ്പൊരി വീണ അമിട്ടുമായി തൊഴിലാളി  കമ്പപ്പുരയിലേക്ക് ഓടിക്കയറിയതാണ് ദുരന്തമുണ്ടാക്കിയെന്ന് സംശയം. പുലര്‍ച്ചെ മൂന്നരയ്‌ക്ക് അപകടം നടക്കുന്നതിന് തൊട്ടു മുമ്പ് ആരോ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പുറ്റിങ്ങല്‍ ക്ഷേത്രത്തിന്റെ വലത് ഭാഗത്താണ് ദുരന്തത്തില്‍ തകര്‍ന്ന തെക്കേ കമ്പപ്പുര.കമ്പപ്പുരയില്‍ നിന്ന് കമ്പത്തറയിലേക്ക് കഷ്‌ടി 20 മീറ്ററാണ് ദൂരം. കമ്പപ്പുരയ്‌ക്ക് സമീപവും കമ്പപ്പുരയ്‌ക്കകത്തും എല്ലാം ആളുകള്‍ ഇരുന്ന് വെടിക്കെട്ട് കാണുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വെടിക്കെട്ടിന്റെ അവസാന ഘട്ടമായതുകൊണ്ടു തന്നെ തുടര്‍ച്ചയായി അമിട്ടുകള്‍ പൊട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം.

ഓരോ അമിട്ടുകളും ഉയരുമ്പോള്‍ പൊട്ടിക്കാനുള്ള അടുത്ത അമിട്ടുമായി വെടിക്കെട്ടുകാര്‍ കമ്പത്തറയിലേക്ക് പോകുന്നതും ദൃശ്യത്തിലുണ്ട്. കൈയില്‍ അമിട്ടുമായി കമ്പത്തറയിലേക്ക് പോകുമ്പോഴാണ്, ഒരമിട്ട് പൊട്ടി പെരുമഴ പോലെ തീപ്പൊരി താഴേക്ക് വീഴുന്നത്. ഇതേസമയം അടുത്ത അമിട്ടുമായി കമ്പത്തറയിലേക്ക് പോകുകയായിരുന്ന വെടിക്കെട്ട് തൊഴിലാളി കൈയിലുള്ള അമിട്ടില്‍ തീപ്പൊരി വീഴാതിരിക്കാന്‍ പിന്തിരിഞ്ഞോടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇയാള്‍ ഓടിക്കയറുന്നത് അമിട്ടുകള്‍ സൂക്ഷിച്ചിരിക്കുന്ന കമ്പപ്പുരയിലേക്കാണ്.ഇതിന് പിന്നാലെയാണ് കമ്പപ്പുര പൊട്ടിത്തെറിച്ചത്.

കൈയിലുള്ള അമിട്ടില്‍ തീപ്പൊരി വീണത് അറിയാതെ ഇയാള്‍ കമ്പപ്പുരയിലേക്ക് ഓടിക്കയറിയതാണ് നൂറോളം പേരുടെ മരണത്തിനിടയാക്കിയ വന്‍ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക സൂചനകള്‍.

Follow Us:
Download App:
  • android
  • ios