കൊല്ലം: കൊല്ലം പുനലൂരില്‍ 13 വയസുകാരന്‍ ലൈംഗീക ചൂഷണത്തിന് ഇരയായി ആത്മഹത്യ ചെയ്ത കേസില്‍ പൊലീസ് അന്വേഷണം വഴിമുട്ടി. സംഭവം നടന്ന് ഒരുമാസമാവാറായിട്ടും പ്രതിയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതോടെ പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

കഴിഞ്ഞ മാര്‍ച്ച് 18 നാണ് 13 വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷിതാക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയത്താണ് ആത്മഹത്യ ചെയ്തത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴാണ് ആണ്‍കുട്ടി നിരന്തരം പ്രകൃതി വിരുദ്ധ ലൈംഗീക ചൂഷണത്തിന് വിധേയമായെന്ന് കണ്ടെത്തിയത്. പുനലൂര്‍ ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും ഒരു തുമ്പുമായില്ല.

മൂന്ന് മാസം മുമ്പ് വീട്ടില്‍ ആണ്‍കുട്ടി താമസിക്കുന്ന മുറിയടക്കം തീപിടിച്ചിരുന്നു. ഇത് കുട്ടിയെ അപായപ്പെടുത്താന്‍ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. പൊലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം എട്ടുവയസ്സുള്ള സഹോദരിക്ക് വീട്ടില്‍ താമസിക്കാന്‍ പേടിയാണ്. വിദ്യര്‍ത്ഥി മരിച്ച് 25 ദിവസം കഴിഞ്ഞു.എന്നാല്‍ അന്വേഷണം തുടരുന്നുവെന്നാണ് പൊലീസ് പറയുന്നത്.