കൊല്ലം: ട്രിനിറ്റി സ്കൂളിലെ വിദ്യാർഥിനി ഗൗരി നേഹയുടെ മരണത്തില്‍ പങ്കില്ലെന്ന് പ്രതിച്ചേര്‍ക്കപ്പെട്ട അധ്യാപകരുടെ മൊഴി. ഗൗരി മറ്റുളള ക്ലാസ്സുകളിലേക്ക് പോകുന്നത് വിലക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസിന് നല്‍കിയ മൊഴിയില്‍ ഇവര്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യം ലഭിച്ച അധ്യാപകരായ സി​ന്ധു, ക്ര​സ​ൻ​സ് എന്നിവര്‍ മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ഹാജരാകണമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കൊല്ലം ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയിലാണ് തങ്ങള്‍ക്ക് ഗൗരി നെഹയുടെ മരണത്തില്‍ പങ്കില്ലെന്ന് ഇവര്‍ വ്യക്തമാക്കിയത്. 

ഗൗരി സ്ഥിരമായി സഹോദരിയുടെ ക്ലാസ്സിലേക്ക് പോകുന്ന പതിവുണ്ടായിരുന്നു. ഇത് അധ്യാപകര്‍ വിലക്കിയിട്ടും വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ വിഷയം പ്രധാന അധ്യാപകന്‍റെ ശ്രദ്ധയില്‍പെടുത്തി. പക്ഷേ ശിക്ഷ നടപ്പാക്കുന്നതിന്‍റെ ഭാഗമായി പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തുന്ന വിഷയത്തില്‍ കൃത്യമായി മറുപടി പറയാന്‍ അധ്യാപികമാര്‍ തയ്യാറായില്ല. സിസിടിവി ദ്യശ്യങ്ങളിലെ സംഭവങ്ങള്‍ അധ്യാപികമാരുടെ മൊഴിയും തമ്മില്‍ വ്യത്യാസമുണ്ടൊയെന്ന് അന്വേഷണ സംഘം പരിശോധിക്കും .

പത്താം ക്ലാസ് വിദ്യാര്‍ഥിനി ഗൗരി ജീവനൊടുക്കിയത് അധ്യാപികമാരായ സി​ന്ധു, ക്ര​സ​ൻ​സ് എന്നിവര്‍ മാനസികമായി പീഡിപ്പിച്ചകൊണ്ടാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതികളാക്കി അന്വേഷണം തുടങ്ങിയത്. ഒക്ടോബര്‍ 20നാണ് ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗൗരിയെ കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് 23ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ഗൗരിയുടെ അന്ത്യം. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു ഗൗരി.