Asianet News MalayalamAsianet News Malayalam

ഡോക്ടര്‍മാരെയും, ജീവനക്കാരെയും വെറുതേയിരുത്തി ശമ്പളം നല്‍കാന്‍ ഒരു മെഡിക്കല്‍ കോളജ്

konni medical college issue
Author
Konni, First Published Jul 5, 2016, 7:09 AM IST

കോന്നി: ഡോക്ടര്‍മാരെയും ജീവനക്കാരെയും വെറുതെയിരുത്തി ശമ്പളം നല്‍കാന്‍ ഒരു മെഡിക്കല്‍ കോളേജ്. ഇതുവരെ പ്രവര്‍ത്തനം ആരംഭിക്കാത്ത കോന്നി മെഡിക്കല്‍ കോളജിലാണ് 108 ജീവനക്കാരും 22 ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഒരുവര്‍ഷമായി വെറുതേയിരുന്ന് ശബളം വാങ്ങുന്നത്. നിലവിലുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ അധ്യാപകരില്ലാത്തതിനാല്‍ പിജി കോഴ്സുകളുടെ ഉള്‍പ്പെടെ അനുമതി റദ്ദാകുമ്പോഴാണ് ഈ ജീവനക്കാരെ ഇവിടെ വെറുതേ ഇരുത്തി ശമ്പളം നല്‍കുന്നത് .

2013ലാണ് കോന്നി മെഡിക്കല്‍ കോളജ് നിര്‍മ്മാണം തുടങ്ങുന്നത് . 36 മാസത്തിനകം പണി പൂര്‍ത്തിയാക്കി പ്രവേശനം നടത്താനായിരുന്നു ലക്ഷ്യം . എന്നാല്‍ പരിസ്ഥിതി ലോല പ്രദേശത്തെ നിര്‍മാണത്തിലുള്ള അനുമതി കിട്ടുന്നതിലും ഫണ്ട് കിട്ടുന്നതിലും കാലതാമസം നേരിട്ടതോടെ കരാര്‍ ഏറ്റെടുത്ത എച്ച് എല്‍ എല്ലിന് നിശ്ചിത സമയത്ത് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല . ഇപ്പോഴും 17 കോടി രൂപ കിട്ടാനുമുണ്ട്.  നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 55 ശതമാനം മാത്രമാണ് പൂര്‍ത്തിയായത്. 

എന്നിട്ടും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രവേശനമെന്ന അജണ്ടയിലൂന്നി മുന്നോട്ട് പോയി. 22 ഡോക്ടര്‍മാരെ ഉള്‍പ്പെടെ 108 ജീവനക്കാരെ നിയമിച്ചു . നിര്‍ദിഷ്ട പദ്ധതി പ്രദേശം സജ്ജമായില്ലെങ്കില്‍ ഒന്നാം വര്‍ഷ എംബിബിഎസുകാരെ ഇരുത്തി പഠിപ്പിക്കാനാവശ്യമായ ബദല്‍  സംവിധാനം കണ്ടെത്തി. എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നിഷേധിച്ചതോടെ മെഡിക്കല്‍ കോളേജിന്‍റെ സ്ഥിതി അനിശ്ചിതത്വത്തിലായി.

ഇവിടെ നിയമനം ലഭിച്ച ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും വെറുതെയിരുന്ന് ശമ്പളം വാങ്ങുന്നതില്‍ അതൃപ്തിയുണ്ട്. കമ്മ്യൂണിറ്റി മെഡിക്കല്‍ മേഖലയില്‍ ഉള്‍പ്പെടെ മികച്ച സേവനം കാഴ്ചവച്ച ഡോക്ടര്‍മാര്‍ കുട്ടികളെ പഠിപ്പിക്കുവാനോ പഴയ ജോലി തുടരുവാനോ സാധിക്കാത്തതില്‍ അതൃപ്തരാണ്. 

യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നിരുന്നെങ്കില്‍ പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എംബിബിഎസ് ക്ലാസ് തുടങ്ങിയേനെയെന്ന് മുന്‍ മന്ത്രി അടൂര്‍ പ്രകാശ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യ വര്‍ഷം ആശുപത്രിയുടെ ആവശ്യമില്ലെന്നും രണ്ടാം വര്‍ഷം ആശുപത്രി നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിച്ചാല്‍ മതിയെന്നുമായിരുന്നു യുഡിഎഫിന്‍റെ പദ്ധതിയെന്നാണ് മന്ത്രി പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കും: കെ കെ ശൈലജ

ഏതെങ്കിലും വിധത്തില്‍ മെഡിക്കല്‍ കോളേജ് ആരംഭിക്കുക എന്നത് ഈ സര്‍ക്കാരിന്‍റെ നയമല്ലെന്നും കുട്ടികളുടെ ഭാവി കൂടി കണക്കിലെടുത്ത് വ്യക്തമായ നയം എല്‍ഡിഎഫ് സര്‍ക്കാരിനുണ്ടെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോന്നി മെഡിക്കല്‍ കോളേജ് പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കില്ല. എന്നാല്‍ പശ്ചാത്തലസൗകര്യം ഒരുങ്ങുന്നതുവരെ ഡോക്ടര്‍മാരെയും ജീവനക്കാരെയും പുനര്‍വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.

Follow Us:
Download App:
  • android
  • ios