കേരള - കർണാടക അതിർത്തിയിൽ പാലം നിർമ്മാണം മുടങ്ങിയിട്ട് 7 മാസം. കൂട്ടുപുഴ പാലം യാഥാർത്ഥ്യമാകാൻ കർണാടകം കനിയണം പുതുതായി പണിയേണ്ട ഏഴ് പാലങ്ങളിൽ പൂർത്തിയായത് ഒരെണ്ണം മാത്രം വീതികുറവിലും വാഹനത്തിരക്കിലും വീർപ്പുമുട്ടി റോഡുകൾ ഗ്രീൻഫീൽഡ് റോഡ് സ്വപ്നമായി അവശേഷിക്കുന്നു പൂർത്തിയായത് തലശേരി - കൂട്ടുപുഴ വളവുപാറ റോഡ് മാത്രം 25 മീറ്ററാക്കി വികസിപ്പിക്കേണ്ട റോഡുകൾ സർവ്വേ പോലും തീർന്നില്ല

കണ്ണൂര്‍: സെപ്തംബറിൽ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടിയായി ഇഴഞ്ഞുനീങ്ങുന്ന അനുബന്ധ റോഡുകളുടെയും പാലങ്ങളുടെയും വികസനം. കർണാടകയെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പാലം നിർമ്മാണം ഏഴ് മാസമായി കർണ്ണാടക തടഞ്ഞിട്ടിരിക്കുകയാണ്. 25 മീറ്ററായി യുദ്ധകാലടിസ്ഥാനത്തിൽ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ജില്ലയിലെ ആറുറോഡുകളുടെ സർവ്വേ പോലും പൂർത്തിയായിട്ടില്ല.

പുതിയ പാലം നിർമ്മാണം കർണ്ണാടക തടഞ്ഞതോടെ, 90 വർഷം പഴക്കമുള്ള പഴഞ്ചൻ പാലമാണ് കർണാകയിൽ നിന്നുള്ളവര്‍ക്ക് കണ്ണൂർ വിമാനത്താവളത്തിലെത്താനുള്ള ഏക ആശ്രയം. കേരളം നിർമ്മിക്കുന്ന പുതിയ പാലം ചെന്നുചേരുന്ന ഭൂമി തങ്ങളുടെ വനഭൂമിയാണെന്നാണ് കര്‍ണ്ണാടകം പറയുന്നത്. കൂട്ടുപുഴ പാലം കടന്നാൽ പിന്നെയുമുണ്ട് കടമ്പ. മട്ടന്നൂരെത്തുന്നതിന് മുൻപ് ബ്രിട്ടീഷുകാർ പണിത ഇരിട്ടി പാലം കടന്നുകിട്ടാൻ പാടുപെടണം. പുതിയ പാലത്തിനായി സ്ഥാപിച്ച പൈലിങ് ലൈനറുകൾ വരെ ഒലിച്ച് പോയതുകൊണ്ട് അടുത്തെങ്ങും പൂർത്തിയാവുന്ന ലക്ഷണമില്ല.

ജില്ലയിൽപുതുതായി നിർമ്മിക്കേണ്ട ഏഴുപാലങ്ങളില്‍ പൂർത്തിയായത് ഒരെണ്ണം മാത്രം.മേലേ ചൊവ്വയിൽ നിന്ന് മട്ടന്നൂരേക്കും തലശേരിയിൽ നിന്ന് മട്ടന്നൂരേക്കും പ്രധാന ജംക്ഷനുകൾ കടന്നുകിട്ടാൻ ചെറിയ അധ്വാനം പോര. മണിക്കൂറുകള്‍ നീളുന്ന ഗതാഗതകുരുക്കാണ് ഇവിടെ. കണ്ണൂരിൽ നിന്ന് മട്ടന്നൂരിലേക്ക് റോഡ് വീതി കൂട്ടുന്നതിന് പകരം പുതിയ റോഡാണ് ലാഭകരമെന്നാണ് വിലയിരുത്തല്‍. ഇതടക്കം ഗ്രീൻഫീൽഡ് റോഡെന്ന പദ്ധതി തന്നെ എതിർപ്പുകളിൽ തട്ടി മുടങ്ങി.

ആറുഉൾനാടൻ റോഡുകൾ 25 മീറ്ററാക്കി വികസിപ്പിക്കുന്ന പദ്ധതി കഴിഞ്ഞ ഡിസംബറിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍ സർവ്വേ പൂർത്തിയാക്കി സ്ഥലമേറ്റെടുക്കല്‍ പോലുമായില്ല. ഫലത്തിൽ വിമാനത്താവളത്തിലേക്കിറങ്ങുന്നവർ ട്രാഫിക് ബ്ലോക്കിൽ പെട്ട് തീരുന്ന മണിക്കൂറുകൾ കൂടി മുന്നിൽ കാണണമെന്ന സ്ഥിതി.