കൂവത്തൂര്‍: ശശികല ക്യാമ്പിലെ എംഎല്‍എമാര്‍ താമസിക്കുന്ന കൂവത്തൂരിലെ റിസോർട്ടിൽ നാടകീയ രംഗങ്ങള്‍. കാഞ്ചീപുരം എസ്പി കൂവത്തൂരിലെ ഗോള്‍ഡന്‍ ബേ റിസോര്‍ട്ടില്‍ എത്തി. എസ്.പി മുത്തരശിയാണ് കൂവത്തൂരിലെ റിസോർട്ടിലെത്തിയത്. എംഎൽഎമാർ തടവിലാണെന്ന പരാതി അന്വേഷിക്കാനാണ് എസ്.പി എത്തിയത് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

നേരത്തെ കൂവത്തൂരിലെ റിസോര്‍ട്ടില്‍ ശശികല പാര്‍പ്പിച്ചിരുന്ന എംഎല്‍എമാര്‍ക്ക് കാവല്‍ നിന്ന 40 പേരെ പോലീസ് അറസ്റ്റുചെയ്തതായി റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിന് പിന്നാലെ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയ്ക്കും നിയമസഭാ കക്ഷിനേതാവ് എടപ്പാടി പളനിസാമിയ്ക്കും എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. 

എംഎല്‍എമാരെ തടവിലാക്കി എന്ന് ചൂണ്ടിക്കാട്ടി മധുര എംഎല്‍എ ശരവണന്‍ നല്‍കിയ പരാതിയിലാണ് ശശികലയ്ക്കും പളനിസാമിക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് എസ്.പി റിസോര്‍ട്ടില്‍ എത്തിയത്.

അതേ സമയം, രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന തമിഴ്നാട്ടില്‍ ഗവര്‍ണറുടെ നിര്‍ണ്ണായക തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാകുമെന്ന്. നിയമ വിദഗ്ദ്ധര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചു. ശശികലയെ കോടതി ശിക്ഷിച്ചതോടെ, ചുമതല കൈമാറുന്ന കാര്യത്തില്‍ ഇനി ഗവര്‍ണ്ണറുടെ തീരുമാനം മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് വൈകുന്നേരത്തോടെ ഇത് ഉണ്ടാകും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ഇന്ന് ക്ഷണിക്കുമെന്നാണ് പ്രതീക്ഷയെന്ന് എ.ഐ.എ.ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ പറഞ്ഞു.