പാർട്ടി അധികാരകേന്ദ്രമാകരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. അതേസമയം സ്വകാര്യ വ്യക്തികളുടെ പരിപാടികളിൽ പങ്കെുക്കാൻ പാർട്ടി മന്ത്രിമാർ സംസ്ഥാന കമ്മിറ്റിയുടേയും ജില്ലാ കമ്മിറ്റിയുടേയും മുൻകൂർ അനുമതി വാങ്ങണം. വി എസിന്റെ പദവിയിൽ പാർട്ടി തീരുമാനമെടുക്കുമെന്നും ആരും ആശങ്കപ്പെടേണ്ടെന്നും കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു.

പാർട്ടി -സർക്കാർ അധികാരത്തർക്കം ഒഴിവാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾക്കാണ് സിപിഐഎം സംസ്ഥാന സമിതി രൂപം നൽകിയത്. ഭരണത്തിലെത്തിയെങ്കിലും പാർട്ടി അധികാരസ്വാധീനം ജനങ്ങൾക്ക് മേൽ പ്രയോഗിക്കരുത്. സംഘടനാ ദൗർബല്യങ്ങൾ തിരുത്തി മുന്നോട്ട് പോകുകയാണ് പാർട്ടിയുടെ ലക്ഷ്യം.

അധികാര കേന്ദ്രമാകരുതെന്ന് പറയുന്പോഴും മന്ത്രിമാരുടെ നിയന്ത്രണം പാർട്ടിക്ക് തന്നെ. നയപരമായ കാര്യങ്ങളിൽ മന്ത്രിമാർ ചർച്ചകൂടാതെ അഭിപ്രായം പറയരുത്. സങ്കുചിത രാഷ്‍ട്രീയം നോക്കി തീരുമാനമെടുക്കരുത്. ജനങ്ങളുടെ ഓഡിറ്റ് ഉണ്ടാകുമെന്ന ബോധ്യം ഓരോ മന്ത്രിമാർക്കും വേണം. മന്ത്രിമാർ കൂട്ടത്തോടെ പരിപാടികളിൽ പങ്കെടുക്കരുത് - കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു

അഞ്ജു ബോബി ജോ‍ർർജ്ജിനെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സ്പോർട്സ് കൗൺസിലിലെ അഴിമതിയെ കുറിച്ച് അഞ്ജു ഉന്നയിച്ച കാര്യങ്ങൾ അന്വേഷിക്കണം. കൗൺസിൽ തലപ്പത്തെ മാറ്റത്തെക്കുറിച്ച് സർക്കാറാണ് തീരുമാനമെടുക്കേണ്ടെതെന്നും കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു.