മലപ്പുറം: കോട്ടക്കൽ ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ 10 പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. കോട്ടക്കൽ കുറ്റിപുറം ജുമാ മസ്ജിദിലെ അധികാര തർക്കത്തിനിടെ 2008 ല്‍ സഹോദരങ്ങളായ രണ്ടു പേരെ കുത്തിക്കൊലപ്പെുത്തിയ കേസിലാണ് മഞ്ചേരി കോടതിയുടെ വിധി. അബു സൂഫിയാൻ, യൂസഫ് ഹാജി, പള്ളിപ്പുറം മുഹമ്മദ് നവാസ്, ഇബ്രാഹിം കുട്ടി, പള്ളിപ്പുറം മുജീബ് റഹ്മാൻ,,തയ്യിൽ സെയ്തലവി, പള്ളിപ്പുറം അബ്ദുഹാജി, തയ്യിൽ മൊയ്തീൻകുട്ടി, പള്ളിപ്പുറം അബ്ദുൾ റഷീദ്, അമരിയിൽ ബീരാൻ എന്നി പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്.

ഏഴാം പ്രതി അമരിയിൽ മുഹമ്മദ് ഹാജി വിചാരണ വേളയിൽ മരിച്ചിരുന്നു. കോട്ടക്കല്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 11 പ്രതികളാണുള്ളത്. 2008 ഓഗസ്റ്റ് 29 വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പള്ളിക്കമ്മിറ്റി അംഗങ്ങളുടെ അനുവാദമില്ലാതെ മഹല്ല് ഖാസിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

പരാതിക്കാരനായ അഹമ്മദ്കുട്ടിയെന്ന കുഞ്ഞാവ ഹാജി, സഹോദരങ്ങളായ അബ്ദു, അബുബക്കര്‍ എന്നിവര്‍ ജുമുഅ നമസ്‌കാരത്തിനായി പള്ളിയിലെത്തിയതായിരുന്നു. മാരകായുധവുമായി പള്ളിയിലെത്തിയ പ്രതികള്‍ ഇവരെ തടഞ്ഞുവയ്ക്കുകയും അബ്ദുവിനെയും അബുബക്കറിനെയും കുത്തി കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു.കൊലപാതകം, കൊലപാതക ശ്രമം, മാരകായുധങ്ങളുപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരുന്നത്. 53 സാക്ഷികളില്‍ 22 പേരെ കോടതി മുന്‍പാകെ വിസ്തരിച്ചിരുന്നു.