തൃശൂര്‍: കോര്‍പ്പറേഷന്‍ കോട്ടപ്പുറത്ത് സ്ഥാപിക്കാന്‍ തീരുമാനിച്ച 110 കെ.വി സബ് സ്റ്റേഷന്‍ പദ്ധതി അട്ടിമറിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായ നീക്കം തുടങ്ങി. 2012 ല്‍ ഐ.പി.പോള്‍ മേയറായിരിക്കെ തുടക്കമിട്ട പദ്ധതിയാണ് അനാവശ്യ വിവാദങ്ങളുയര്‍ത്തി അട്ടിമറിക്കാന്‍ ഗ്രൂപ്പ് തലത്തില്‍ ശ്രമം തുടങ്ങിയത്. അതിനിടെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ പദ്ധതി ഇല്ലാതാവുന്നതിനെതിരെയും കോട്ടപ്പുറം സബ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടും കോട്ടപ്പുറം പ്രദേശവാസികള്‍ കോട്ടപ്പുറം സംരക്ഷണ സമിതിക്ക് രൂപം നല്‍കി സമരപരിപാടികളിലേക്ക് കടക്കുകയാണ്.
കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്ന അഡ്വ.സ്മിനി ഷിജോയാണ് പദ്ധതിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. എന്നാല്‍ കോണ്‍ഗ്രസിലെയും, ബി.ജെ.പിയിലെയും ഒരു വിഭാഗമാണ് പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. പദ്ധതിയെ ചൊല്ലി ചൊവ്വാഴ്ച ചേര്‍ന്ന പാര്‍ലമെണ്ടറി പാര്‍ട്ടി യോഗത്തിലും തര്‍ക്കത്തിനിടയാക്കി.
നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നേരിടുന്ന വൈദ്യുതി പരാതികള്‍ക്ക് പരിഹാരമാകുന്നതും, നഗരത്തിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുമായിരുന്നു പദ്ധതി ലക്ഷ്യമിട്ടത്. ഇപ്പോള്‍ നഗരത്തിലേക്ക് കെഎസ്ഇബി വൈദ്യുതിയെത്തിക്കുന്നത് മാടക്കത്തറയില്‍ നിന്നും വിയ്യൂരിലെത്തി പുല്ലഴി ഫീഡറിലേക്ക് പോകുന്ന ലൈനില്‍ നിന്നുമാണ് അശ്വനി ജംഗ്ഷനിലെ സബ് സ്റ്റേഷനിലേക്ക് വൈദ്യുതിയെത്തിച്ചിരിക്കുന്നത്. ഗാര്‍ഹീകാടിസ്ഥാനത്തിലും, വ്യാവസായികാടിസ്ഥാനത്തിലും അനുദിനം വളര്‍ന്നു കൊണ്ടിരിക്കുന്ന നഗരത്തിന് അശ്വനി ജംഗ്ഷനിലെ സബ്‌സ്റ്റേഷനിലെ വൈദ്യുതി എന്നും തര്‍ക്ക വിഷയമായിരുന്നു.
വോള്‍ട്ടേജ് ക്ഷാമം, വൈദ്യുതി ബന്ധം നിലക്കല്‍ തുടങ്ങി എന്നും പരാതിയായിരുന്നു. ഇതോടെയാണ് പുതിയ സബ് സ്റ്റേഷന്‍ പദ്ധതി ആലോചിച്ചത്. ഇതേ തുടര്‍ന്ന് 2012-13 ലെ ബജറ്റില്‍ പുതിയ സബ്‌സ്റ്റേഷന്‍ പ്രഖ്യാപിച്ചത്. പുഴക്കല്‍, ലാലൂര്‍, വഞ്ചിക്കുളം സ്ഥലങ്ങളായിരുന്നു ആദ്യം കണ്ടെത്തിയിരുന്നതെങ്കിലും വൈദ്യുതി വിഭാഗത്തിന്റെ പരിശോധനയില്‍ സാങ്കേതിക കാരണങ്ങളാല്‍ ഈ സ്ഥലങ്ങള്‍ നിരസിക്കുകയായിരുന്നു. തുടര്‍ന്നായിരുന്നു കോട്ടപ്പുറം പരിഗണിച്ചത്. പരിശോധന പൂര്‍ത്തിയാക്കി അനുമതിയും നേടി. 2014-15, 2015-16 ലെയും ബജറ്റുകളില്‍ 26 കോടി തുക വകയിരുത്തുകയും ചെയ്തു.
കെഎസ്ഇബി പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കിയതില്‍ പദ്ധതിക്ക് അനുമതി നല്‍കിയ റെഗുലേറ്ററി കമ്മീഷന്‍, വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഈ നടപടികളും വൈദ്യുതി വിഭാഗം പൂര്‍ത്തിയാക്കി. കോട്ടപ്പുറം സബ് സ്റ്റേഷനിലേക്ക് 110 കെവി ലൈന്‍ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചതില്‍ കെഎസ്ഇബിയുമായി റെഗുലേറ്ററി കമ്മീഷന്‍ ചര്‍ച്ചയും പൂര്‍ത്തിയാക്കി. ചാലക്കുടി, വിയ്യൂര്‍ 110 കെവിയായി ഫീഡ് ചെയ്യുമ്പോള്‍ പാട്ടുരായ്ക്കല്‍ സബ് സ്റ്റേഷനില്‍ നിലവിലുള്ള 66 കെവിക്ക് പകരം 110 കെവി അനുവദിക്കാമെന്നും, ചേര്‍പ്പ് പാലക്കല്‍ ഫീഡറില്‍ നിന്നും ടാപ്പിങ് പോയിന്റ് നല്‍കി വഞ്ചിക്കുളത്ത് 110 കെവി സ്വിച്ചിങ് സബ് സ്റ്റേഷന്‍ സ്ഥാപിക്കുകയും, ഇവിടെ നിന്നും കോട്ടപ്പുറം സെക്ഷനിലേക്ക് ഫീഡിങ് നല്‍കാമെന്നുമാണ് കെഎസ്ഇബി റിപ്പോര്‍ട്ടില്‍ കോര്‍പ്പറേഷനെയും റെഗുലേറ്ററി കമ്മീഷനെയും അറിയിച്ചിട്ടുള്ളത്.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോര്‍പ്പറേഷന്‍ കൗണ്‍സിലാണെന്നിരിക്കെ പദ്ധതി അംഗീകരിച്ച് റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിക്കണം. എന്നാല്‍ പദ്ധതി അനാവശ്യമാണെന്ന വാദമാണ് അഡ്വ. സ്മിനി ഷിജോ ഉയര്‍ത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ച ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ.മുകുന്ദന്‍ അടക്കമുള്ളവര്‍ പദ്ധതി വേണ്ടെന്ന നിലപാടാണ് ഉയര്‍ത്തിയതെന്നാണ് സൂചന. എന്നാല്‍ പുതിയ കൗണ്‍സിലര്‍മാര്‍ പദ്ധതിയെ എതിര്‍ക്കുന്നതില്‍ വിയോജിച്ചു.
