കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് കോട്ടയം എസ് പി എസ്. ഹരിശങ്കർ വ്യക്തമാക്കി

കോട്ടയം: കന്യാസ്ത്രീ നൽകിയ പരാതിയിൽ ജലന്ധർ കത്തോലിക്കാ ബിഷപ്പിനെ വിളിച്ച് വരുത്താൻ ധാരണ. ഇത് സംബന്ധിച്ച് ഐജിയുടെ യോഗത്തിൽ തീരുമാനിക്കും. ബുധനാഴ്ച വൈകിട്ടോ വ്യാഴാഴ്ചയോയാണ് യോഗം. കേസന്വേഷണം അവസാന ഘട്ടത്തിലാണെന്ന് കോട്ടയം എസ് പി എസ്. ഹരിശങ്കർ വ്യക്തമാക്കി

രണ്ട് സി ഐമാരെയും ഒരു എസ്ഐയെയും ഉൾപ്പെടുത്തി വിപുലീകരിച്ച അന്വേഷണ സംഘമാണ് കേസന്വേഷണം വിലയിരുത്തിയത്. കന്യാസ്ത്രീയുടെ മൊഴിയിലെ വൈരുദ്യങ്ങളിൽ വ്യക്തതയുണ്ടായെന്ന് വിലയിരുത്തിയ സംഘം ബിഷപ്പിനെ വിളിച്ച് വരുത്താൻ ആവശ്യമായ തെളിവുകൾ ലഭിച്ചുവെന്നാണ് എസ്പി യോട് വിശദീകരിച്ചത്. കേസ് ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കമില്ലെന്ന് വിശദീകരിച്ച എസ് പി ജോലിഭാരമുള്ളതിനാലാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചതെന്നും സൂചിപ്പിച്ചു

ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ തെരുവിലിറങ്ങിയ സാഹചര്യത്തിലാണ് കോട്ടയം എസ്പി അന്വേഷണസംഘത്തിന് യോഗം വിളിച്ചത് ഡിജിപിക്കും ഐജിക്കും എതിരെ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങൾ ആരോപണം ഉന്നയിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനുള്ള നീക്കവും ഉപേക്ഷിച്ചത് ഈ കേസിൽ മുഖ്യ സാക്ഷിയുടെ മൊഴിക്കാണ് പ്രാധാന്യമെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീയെ കൂടുതൽ ചോദ്യം ചെയ്യുന്നു എന്ന വിമർശനത്തിന് അന്വേഷണസംഘം മറുപടി നൽകുന്നു.