മകന്‍ സലിം പുഷ്പനാഥ് അന്തരിച്ച് ഒരു മാസം തികയും മുൻപാണ് കോട്ടയത്തെ വസതിയില്‍ വെച്ച് പുഷ്പനാഥും വിടപറഞ്ഞത്
കോട്ടയം: പ്രമുഖ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. മകന് സലിം പുഷ്പനാഥ് അന്തരിച്ച് ഒരു മാസം തികയും മുൻപാണ് കോട്ടയത്തെ വസതിയില് വെച്ച് പുഷ്പനാഥും വിടപറഞ്ഞത്. സംസ്ക്കാരം വെള്ളിയാഴ്ച മൂന്നിന് ചാലുകുന്ന് സി.എസ്.ഐ കത്തീഡ്രലിൽ.
സീരിയലുകള് മലയാളിയെ വിഴുങ്ങിയതിന് മുന്പ്, മൊബൈല് ഫോണുകളില് ആള്ക്കാര് തലകുമ്പിട്ടിരിക്കാന് തുടങ്ങിയ കാലത്തിനും ഏറെ മുന്പ് , മലയാളികളെ കീഴടക്കിയ എഴുത്തുകാരനാണ് പുഷ്പരാജന് പിള്ളയെന്ന കോട്ടയം പുഷ്പനാഥ്. ചരിത്രാധ്യാപകനായിരുന്ന പുഷ്പരാജന് പിള്ള അപസര്പ്പക, മാന്ത്രിക നോവലുകളിലൂടെയാണ് എഴുപതുകളുടെയും എണ്പതുകളുടെയും പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയത്. ഭയത്തിന്റെയും ആകാംക്ഷയുടെയും മുള്മുനയില് വായനക്കാരെ നിര്ത്തുകയായിരുന്നു പുഷ്പനാഥിന്റെ രീതി. ബ്രാം സ്റ്റോക്കറിന്റെ ഡ്രാക്കുള പോലുള്ള ഇംഗ്ലീഷ് കൃതികള് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ട് തുടങ്ങിയ ഈ രീതി പിന്നീട് സ്വന്തം നിലയില് അദ്ദേഹം പരിപോഷിപ്പിച്ചു. ഇംഗ്ലീഷ് പശ്ചാത്തലത്തിലെ കുറ്റാന്വേഷണകഥകളില് അഭിരമിച്ചിരുന്ന മലയാളിക്ക് സ്വന്തമായൊരു പശ്ചാത്തലം നല്കാന് കഴിഞ്ഞത് പുഷ്പനാഥിന്റെ വിജയമായിരുന്നു. ആര്തര് കോനന് ഡോയലിന്റെ ഷെര്ലക് ഹോംസിനെപ്പോലെ അഗതാ ക്രിസ്റ്റിയുടെ ഹെര്ക്യൂല് പോയ്റോറ്റിനെപ്പോലെ മലയാളിക്ക് പുഷ്പനാഥ് പരിചയപ്പെടുത്തിയ രണ്ട് ഡിറ്റക്ടീവുകളാണ് മാര്ക്സിനും പുഷ്പരാജും. ചില നോവലുകളില് ഡിറ്റക്ടീവ് സുധീര് പ്രധാന കുറ്റാന്വേഷകനായി.
. മൂന്നൂറോളം കൃതികളാണ് അദ്ദേഹം എഴുതിയത്. അതില് പലതും തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് തര്ജ്ജമ ചെയ്തിട്ടുണ്ട്. മരണമില്ലാത്തവന്, കിംഗ് കോബ്ര, നെപ്പോളിയന്റെ പ്രതിമ, ഡ്രാക്കുളയുടെ നിഴലില്, കര്ദ്ദിനാളിന്റെ മരണം, ബ്രഹ്മരക്ഷസ്, മോണാലിസയുടെ ഘാതകന്, ഡ്രാക്കുളക്കോട്ട, ലോഡീസ് ഹോസ്റ്റലിലെ ഭീകരന് അങ്ങനെ പോകുകയാണ് പുഷ്പനാഥിന്റെ നോവലുകള്.
