സംഭവം അന്വേഷിക്കാന്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു എസ്.പി മുഖ്യമന്ത്രിയോട് പറഞ്ഞത്.
കോട്ടയം: കെവിനെ കാണാതായ സംഭവത്തില് മുഖ്യമന്ത്രിയെ കോട്ടയം മുന് എസ്.പി തെറ്റിദ്ധരിപ്പിച്ചുവെന്ന് റിപ്പോര്ട്ടുകള്. എസ്.പി മുഹമ്മദ് റഫീഖ് മുഖ്യമന്ത്രിക്ക് തെറ്റായ വിവരങ്ങളാണ് നല്കിയത്. സംഭവത്തില് വകുപ്പുതല അന്വേഷണം നടത്താന് മുഖ്യമന്ത്രി നിര്ദ്ദേശിച്ചു.
കെവിനെ കാണാതായ ദിവസം മുഖ്യമന്ത്രി കോട്ടയത്ത് വിവിധ പരിപാടികളില് പങ്കെടുക്കുകയായിരുന്നു. ഈ സമയത്ത് കെവിനെക്കുറിച്ചുള്ള വാര്ത്തകള് മാധ്യമങ്ങളില് വരുന്നത് ശ്രദ്ധയില്പെട്ട മുഖ്യമന്ത്രി ഇക്കാര്യം കോട്ടയം എസ്.പിയായിരുന്ന മുഹമ്മദ് റഫീഖിനോട് അന്വേഷിച്ചു. സംഭവം അന്വേഷിക്കാന് ഡി.വൈ.എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയോട് പറഞ്ഞത്. എന്നാല് ഇതിന് ശേഷം വൈകുന്നേരത്തോടെയാണ് സംഭവം അന്വേഷിക്കാന് ഡി.വൈ.എസ്.പിയോട് എസ്.പി നിര്ദ്ദേശിച്ചത്.
കേസ് അന്വേഷിക്കേണ്ട ഗാന്ധിനഗര് എസ്.ഐ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയിലാണെന്ന വാര്ത്തയും മുഖ്യമന്ത്രിയുടെ ശ്രദ്ധയില് പെട്ടിരുന്നു. ഇക്കാര്യം എസ്.പിയോട് ചോദിച്ചപ്പോള് ഗാന്ധി നഗര് എസ്.ഐയെ സുരക്ഷാ ചുമതലയില് നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതനുസരിച്ചാണ് തന്റെ സുരക്ഷാ സംഘത്തില് എസ്.ഐ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. പിന്നീട് എസ്.പി തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് മുഖ്യമന്ത്രിക്ക് മനസിലായതോടെയാണ് വകുപ്പുതല അന്വേഷണത്തിന് നിര്ദ്ദേശം നല്കിയത്. കേസില് എസ്.പിയെ നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു.
