പീഡനം നടന്ന വേളയിൽ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ ഉള്ളു എന്നു കോടതിയെ രേഖകൾ വഴി ബോധ്യപ്പെടുത്താൻ കഴിയും എന്നാണ് പൊലീസിന്റെയും പ്രോസിക്യുഷന്റെയും ആത്മവിശ്വാസം. 

തിരുവനന്തപുരം: കൊട്ടിയൂർ കേസിൽ പെണ്‍കുട്ടിയുടെ പ്രായം വിചാരണ വേളയിൽ രേഖാമൂലം തെളിയിക്കാനാകുമെന്ന ആത്മവിശ്വസത്തിൽ പൊലീസും പ്രോസിക്യുഷനും. വൈദികൻ റോബിൻ വടക്കുംചേരിയുമായി നടന്നത് ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണെന്നും, ഈ സമയം തനിക്ക് പ്രായപൂർതത്തിയായിരുന്നു എന്നും പെണ്‍കുട്ടി ഇന്നലെ മൊഴി മാറ്റിയിരുന്നു. കേസിൽ പെണ്കുട്ടിയുടെ വിസ്താരം ഇന്നും തുടരും.

വൈദികനിൽ നിന്ന് ഗർഭിണിയായി പ്രസവിക്കുമ്പോൾ 17 വയസും 5 മാസവുമായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. ഗർഭകാലം കൂടി കണക്കാക്കുമ്പോൾ പീഡനം നടന്ന വേളയിൽ പെണ്‍കുട്ടിക്ക് 16 വയസ് മാത്രമേ ഉള്ളു എന്നു കോടതിയെ രേഖകൾ വഴി ബോധ്യപ്പെടുത്താൻ കഴിയും എന്നാണ് പൊലീസിന്റെയും പ്രോസിക്യുഷന്റെയും ആത്മവിശ്വാസം. 

ജനന സർട്ടിഫിക്കറ്റ്, സ്കൂൾ രേഖകൾ എന്നിവ തെളിവായി ഹാജരാക്കും. മാമോദിസ രേഖയും കോടതിക്ക് മുമ്പില്‍ വരും. ഇക്കാര്യങ്ങളിൽ തർക്കം വന്നാൽ പ്രായം തെളിയിക്കാൻ ശാസ്ത്രീയ പരിശോധനക്ക് പെണ്‍കുട്ടി തയ്യാറാകുമോ എന്നത് നിർണായകമാകും.

പ്രോസിക്യൂഷനു ഇക്കാര്യത്തിൽ ആത്മാവിശ്വാസമുണ്ട്. ഇതോടൊപ്പം ലൈംഗിക ബന്ധം നടന്നു എന്നു സമ്മതിച്ചതും, കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച ശാസ്ത്രീയ തെളിവുകളും ആയതോടെ പ്രായം സംബന്ധിച്ച വ്യക്തത കൂടി ആയാൽ കേസ് ബലപ്പെടും എന്നാണ് കണക്കു കൂട്ടൽ.

പെണ്‍കുട്ടിയുടെ വിസ്താരം കഴിഞ്ഞതിനു ശേഷം അമ്മയെയും അച്ഛനെയും വിസ്തരിക്കും. ഇവർ മൊഴിമാറ്റി കൂറുമാറുമോ എന്നതാണ് നിർണായകം. തന്റെയും കുഞ്ഞിന്റെയും സംരക്ഷണം വൈദികൻ റോബിൻ വടക്കുംചേരി ഏറ്റെടുത്തുള്ള ജീവിതമാണ് താത്പര്യമെന്നു പെണ്‍കുട്ടി കോടതിയിൽ പറഞ്ഞിരുന്നു.

പ്രായവും ഉഭയകക്ഷി സമ്മതവും സംബന്ധിച്ച തർക്കം ഉയർന്ന സമാനമായ പോക്സോ കേസുകളിൽ ഉണ്ടായ കോടതി വിധികളും ചർച്ചകളിലേക്ക് വരും. നിയമ വൃത്തങ്ങളിൽ വലിയ ചർച്ചയാണ് ഇന്നലെ പെണ്‍കുട്ടിയുടെ മൊഴിമാറ്റം ഉണ്ടാക്കിയത്.