തിരുവനന്തപുരം: തീരത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് കോവളവും. ഓഖി ദുരന്തം തകര്‍ത്തെറിഞ്ഞ തീരത്തെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേര്‍ന്ന് ഇത്തവണ കോവളത്ത് പുതുവത്സരത്തെ വരവേല്‍ക്കാന്‍ പതിവ് ആഘോഷപരിപാടികള്‍ ഒന്നും തന്നെയുണ്ടായില്ല. പതിവ് പുതുവത്സര ആഘോഷങ്ങളുടെ പൊലിമയില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ തീരത്ത് പൊതുവെ ആഘോഷങ്ങള്‍ കുറവായിരുന്നു. അപൂര്‍വം ചില ഹോട്ടലുകളില്‍ മാത്രമാണ് വൈദ്യുതി ദീപാലങ്കാരങ്ങളും സന്ദര്‍ശകര്‍ക്കായി സംഗീത വിരുന്നും, ഡി.ജെ പാര്‍ട്ടികളും ഒരുക്കിയിരുന്നത്.
പുതുവത്സരത്തെ വരവേല്‍ക്കാന്‍ തീരത്ത് എത്തിയവരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു. സാമൂഹ്യ വിരുദ്ധ ശല്യം ഒഴിവാക്കാനും അനിഷ്ട സംഭവങ്ങള്‍ തടയാനും സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശിന്റെ നേതൃത്വത്തില്‍ രണ്ട് അസിസ്റ്റന്റ് കമ്മീഷ്ണര്‍മാര്‍ ഉള്‍പ്പടെ മുന്നൂറോളം പൊലീസുകാരെ തീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരുന്നു. കോവളം ജംഗ്ഷനില്‍ പോലീസിന്റെ ചെക്ക് പോയിന്റ് ഏര്‍പ്പെടുത്തിയിരുന്നു.
ഓരോ വാഹനങ്ങളും പരിശോധനയ്ക്ക് ശേഷമാണ് തീരത്തേക്ക് കടത്തി വിട്ടത്. പരിശോധനയില്‍ ലഭിക്കുന്ന മദ്യകുപ്പികള്‍ അവിടെവച്ച് തന്നെ പോലീസ് നശിപ്പിച്ചു കളഞ്ഞു. കുടുംബമായിയെത്തിയ പലരും ഇടക്കലിന് സമീപം തീരത്ത് 12 മണി ആകുന്നതും കാത്ത് ഇരുന്നു. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ആഘോഷങ്ങള്‍ ഒഴിവാക്കിയതിനാല്‍ പോയ വര്‍ഷങ്ങള്‍ പോലെ ടൂറിസം വകുപ്പ് ഒരുക്കിയിരുന്ന കരിമരുന്ന് പ്രയോഗം ഇത്തവണ ഒഴിവാക്കിയിരുന്നു. എന്നാല്‍ അതിന് പകരം തീരത്തെ ചില ഹോട്ടലുകള്‍ പുതുവര്‍ഷ വരവേല്‍പ്പ് അറിയിച്ചു കരിമരുന്ന് പ്രയോഗം നടത്തി. മാനത്ത് വിടര്‍ന്ന വര്‍ണപൂകള്‍ കണ്ട് പലരും പുതുവര്‍ഷത്തെ വരവേറ്റു. പന്ത്രണ്ടേകാലോടെ തന്നെ പോലീസ് തീരത്ത് നിന്നും ആളുകളെ ഒഴിവാക്കി തുടങ്ങിയിരുന്നു.
