ഉണ്ണിയപ്പത്തെ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്. കേരളത്തിന്റെ സ്വന്തം പലഹാരം. പക്ഷേ കോഴിക്കാട് കോവൂരിലെ ഉണ്ണിയപ്പം ഇപ്പോള്‍ ഹൈക്കോടതി വ്യവഹാരത്തിപ്പെട്ട് നട്ടംതിരിയുകയാണ്. ഉണ്ണിയപ്പത്തിന്റെ മണമാണ് ഇവിടെ പ്രശ്‌നം. തെട്ടടുത്ത വീട്ടിലെ പലഹാര നിര്‍മ്മാണത്തിനിടെ ഉണ്ണിയപ്പത്തിന്റെ മണം അയല്‍വാസിക്ക് ഇഷ്ടപ്പെട്ടില്ല. കേസ് കോടതി കയറി.
ആറ് വര്‍ഷം മുമ്പ് ജീവനോരാധിയായി മഞ്ജുഷ എന്ന വീട്ടമ്മയാണ് ഉണ്ണിയപ്പ നിര്‍മ്മാണ യൂണിറ്റ് തുടങ്ങിയത്. ആര്‍ക്കും പരാതികള്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല. ആവശ്യക്കാരും ഏറെയായിരുന്നു. സ്വാഭാവികമായും കച്ചവടം പുഷ്ടിപ്പെട്ടു. എന്നാല്‍ ഉണ്ണിയപ്പത്തിന്റെ മാസ്മരിക മണം അയല്‍വാസിക്ക് തലവേദനയായതോടെയാണ് ഉണ്ണിയപ്പം ഹൈക്കോടതി കയറിയത്. ഉണ്ണിയപ്പ കേസുമായി മഞ്ജുഷ ഇന്ന് ഹൈക്കോടതി കയറിഇറങ്ങുകയാണ്.
ഉണ്ണിയപ്പ നിര്‍മ്മാണ യൂണിറ്റില്‍ നിന്ന് പരക്കുന്ന മണം അലോസരപ്പെടുത്തുന്നുണ്ടെന്നാണ് അയല്‍വാസി പി.ജി.അനില്‍ കുമാറിന്റെ പരാതി. ഇതു മൂലം മക്കള്‍ക്ക് ശ്വാസംമുട്ട്, അസ്വസ്തത എല്ലാം സ്ഥിരമാണെന്ന് അനില്‍കുമാര്‍ ആരോപിക്കുന്നു.
ഇപ്പോള്‍ കോവൂരിന്റെ പ്രധാന പ്രശ്‌നമായി ഉണ്ണിയപ്പം മാറിയിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ചേരി തിരിഞ്ഞ് ഇരുകൂട്ടര്‍ക്കും ഒപ്പം കൂടിയതോടെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കും ഉണ്ണിയപ്പം വഴിമരുന്നിട്ടു. മഞ്ജുഷയുടെ ഉണ്ണിയപ്പം ഇനി എവിടെച്ചെന്നവസാനിക്കും എന്നാണ് ഇപ്പോള്‍ നാട്ടുകാരുടെ പ്രധാന ചര്‍ച്ചാ വിഷയം.

