കോഴിക്കോട്: പ്രണയവിവാഹത്തിനൊരുങ്ങിയ ദളിത് വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാണെന്നാരോപിച്ച് 8 ദിവസം മാനസികരോഗാശുപത്രിയിലടച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി.കോടതി വിധി മറയാക്കിയാണ് പെണ്‍കുട്ടിയെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അഞ്ചാം വാര്‍ഡിലടച്ചത്.തനിക്ക് യാതൊരു മാനസികപ്രശ്‌നവുമില്ലെന്ന് പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസ് സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. വാര്‍ത്തയെത്തുടര്‍ന്നാണ് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടിയത്.
കോഴിക്കോട് ചെറൂപ്പ സ്വദേശിയായ ദളിത് പെണ്‍കുട്ടിയെയാണ് കൊച്ചി സ്വദേശിയായ ഒരു മുസ്ലിം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ചിരുന്നത്.മാവൂര്‍ പോലീസ് വള്ളിമാടുകുന്ന് മഹിളാമന്ദിരത്തിലാക്കിയ പെണ്‍കുട്ടിയെ കോഴിക്കോട് സി ജെഎം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാനസികരോഗമുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു.ഇതോടെ കുട്ടിയുടെ മാനസിക നില വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത് മറയാക്കിയാണ് രക്ഷിതാക്കള്‍ മഹിളാ മന്ദിരം അധികൃതരുടെ സഹായത്തോടെ പെണ്‍കുട്ടിയെ കുതിരവട്ടത്ത് കടുത്ത മാനസികവിഭ്രാന്തിയുളളവരെ മാത്രം പ്രവേശിപ്പിക്കുന്ന അഞ്ചാം വാര്‍ഡിലടച്ചത്.വാര്‍ത്തയെത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി.
പെണ്‍കുട്ടിയെ കടുത്ത മാനസികവിഭ്രാന്തിയുള്ളവര്‍ക്കൊപ്പം പാര്‍പ്പിച്ചതില്‍ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും കലക്ടര്‍ പറഞ്ഞു.

