മലയോര പ്രദേശത്തിന് സമാനമായി കോഴിക്കോടിന്‍റെ നഗരമേഖലകളും പ്രളയക്കെടുതിയിലായി

കോഴിക്കോട്: ജില്ലയിലെ പൂനൂര്‍പുഴയും കുറ്റ്യാടിപുഴയും തൊട്ടില്‍പ്പാലം പുഴയും വാണിമേല്‍പുഴയും കരകവിഞ്ഞൊഴുകിയതോടെ കോഴിക്കോട് അക്ഷാരര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടു. മുക്കം, താമരശ്ശേരി, കാരശ്ശേരി, കൊട്ടിയത്തൂര്‍ ഭാഗങ്ങളിലാണ് പ്രളയക്കെടുതി കൂടുതല്‍ രൂക്ഷമായി തുടരുന്നത്. കക്കയം ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നതോടെ ജില്ലയിലെ പ്രതിസന്ധി രൂക്ഷമായി.

ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി മിക്ക സര്‍വ്വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. മലയോര പ്രദേശത്തിന് സമാനമായി കോഴിക്കോടിന്‍റെ നഗരമേഖലകളും പ്രളയക്കെടുതിയിലായി. മൊഫ്യൂസല്‍ ബസ്സ് സ്റ്റാന്‍ഡ് പരിസരം, സ്റ്റേഡിയം ജംഗ്ഷന്‍, എരിഞ്ഞപ്പാലം, ബൈപ്പാസ്, ഗാന്ധിറോഡ് എന്നിവടങ്ങളെല്ലാം വെള്ളത്തിലാണ്.

കനത്ത മഴയില്‍ കനോലി കനാല്‍ നിറഞ്ഞതോടെ സരേവരം ബയോപാര്‍ക്കിലേക്ക് വെള്ളം കയറിയിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 126 ദുരിതാശ്വാസ ക്യാമ്പുകളിലായി 2751 കുടുംബങ്ങളില്‍ നിന്നുളള 8788 പേര്‍ താമസിക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിട്ടുണ്ട്.

ജില്ലയിലെ നിരവധി പ്രദേശങ്ങളില്‍ ഇന്നലെ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത് വലിയ ഭീതി ഉയര്‍ത്തി. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങുന്ന കാര്യം ജില്ലാ ഭരണകൂടം പരിഗണിച്ച് വരുകയാണ്. ഒറ്റപ്പെട്ട് പോയവര്‍ ജില്ലയുടെ കോഡ് കൂടി ചേര്‍ത്ത് 1077 എന്ന കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുക.