കോഴിക്കോട്: ബീച്ച് ആശുപത്രിയിലെ  മയക്കുമരുന്ന് വില്പനക്കാരില്‍ പ്രധാനി, മയക്കുമരുന്ന് വിമുക്തിയിലേക്ക് ആളുകളെ നയിക്കാന്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പീയര്‍ എജുക്കേറ്ററാണ്. ഇയാള്‍‍ ജോലി ചെയ്യുന്ന സന്നദ്ധ സംഘടനയ്ക്കെതിരെ ആശുപത്രി സൂപ്രണ്ട് തന്നെ പല തവണ സര്‍ക്കാരിനും പോലിസിനും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ബീച്ച് ആശുപത്രി മയക്കുമരുന്ന് മാഫിയയുടെ പിടിയിലാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

ആലി എന്ന ആലി മോനാണ് ബിച്ച് ആശുപത്രി മുറ്റത്തെ ബ്രൗണ്‍ഷുഗറിന്റെയും  കഞ്ചാവിന്റെയും പ്രധാന കച്ചവടക്കാരന്‍. ബീച്ച് ആശുപത്രി താവളമാക്കാന്‍ ആലിക്ക്, സാധിച്ചതെങ്കിനെ എന്ന ഞങ്ങളുടെ അന്വേഷണം എത്തിച്ചത് വിചിത്രമായ മറ്റൊരു അറിവിലേക്കാണ്. നവജീവന്‍ എന്ന സന്നദ്ധ സംഘടനയെയാണ് സംസ്ഥാന ആരോഗ്യവകുപ്പ്, മയക്കുമരുന്നിന് അടിമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കാന്‍ നിയോഗിച്ചിരിക്കുന്നത്. മയക്കുമരുന്നിന് അടിമകളായവരെ കണ്ടെത്തി നവജീവനില്‍ എത്തിച്ച് ബോധവല്‍ക്കരണം നടത്തുന്ന 12 പിയര്‍ എജുക്കേറ്റര്‍മാരിലൊരാളാണ് ആലി. മാസം 3000 മുതല്‍ 5000 രൂപാ വരെ ഈ വകയില്‍ പറ്റുന്ന ആലി, പക്ഷെ തന്റെ മയക്കുമരുന്നു കച്ചവടത്തിന് കൂടുതല്‍ ഉപഭോക്താക്കളെ കണ്ടെത്താനാണ് ഈ ജോലി തെരഞ്ഞെടുത്തത്. ആലി  നവജീവന്റെ ഭാഗമാണെന്ന് ഡയറക്ടര്‍ ടീറ്റോ സ്ഥീരികരിച്ചു. എന്നാല്‍ പിയര്‍ എജ്യുക്കേറ്റര്‍മാരാകാന്‍ യോഗ്യതയായി പരിഗണിക്കുന്നത് മയക്കുമരുന്ന് ഉപയോഗിച്ച മുന്‍പരിചയമാണെന്നാണ് വിശദീകരിച്ചത്.

വിചിത്രമായ ഈ ന്യായികരണത്തിന്റെ മറവിലാണ് ആലിയെപ്പോലുള്ളവര്‍ ബീച്ച് ആശുപത്രിയെ ഒരു മയക്കുമരുന്ന് താവളമാക്കിയതെന്ന് വ്യക്തം. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പിടികൂടിയ മയക്കുമരുന്ന് കച്ചവടക്കാരന്‍ അജ്നാസ് ആശുപത്രിയിലെത്തുന്നത് നമ്പര്‍ പ്ലേറ്റില്ലാതെ വാനിലായിരുന്നുവെന്നും വ്യക്തമായി. മിക്ക ദിവസങ്ങളിലും രാത്രി എത്തിയിരുന്ന വാഹനം ഉച്ചയ്ക്ക് മുമ്പ് സ്ഥലം വിടുകയും ചെയ്യും. മയക്കുമരുന്ന് കടത്താനുപോയിക്കുന്ന വാഹനമാണെന്ന് പോലിസിനെ ആശുപത്രി ജീവനക്കാര്‍ അറിയിച്ചിട്ടും ഒരു നടപടിയും എടുത്തില്ല. വാര്‍ഡിന്റെ പിന്നിലെ 41ാം നമ്പര്‍ ഒ.പിക്ക് പിന്നില്‍  മയക്കുമരുന്ന് കുത്തിവച്ച ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചുകളുടെ വലിയ കൂട്ടം കാണാം.

പോലിസും എക്സൈസും കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇവര്‍ ബീച്ച് ആശുപത്രിയെ അധോലോകമാക്കി മാറ്റാന്‍ കാരണം. ഇതേക്കുറിച്ച് എക്സൈസും സ്പെഷ്യല്‍ ബ്രാഞ്ചും നല്‍കിയ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരും ആരോഗ്യവകുപ്പും അവഗണിക്കുകയായിരുന്നു.