പനി മരണം അവലോകനം ചെയ്യാന്‍ യോഗം വിളിച്ചു  രക്തസാമ്പിള്‍ പരിശോധനക്കയച്ചു ഇന്ത്യയിലെ ഏത് ലാബിന്‍റെയും സഹായം തേടുമെന്ന് മന്ത്രി

കോഴിക്കോട് : ഒരു നാടിനെയാകെ ഭീതിയിലാഴ്ത്തിയ പനി മരണം അവലോകനം ചെയ്യാന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ത്തു. വൈറസ് സാന്നിധ്യമുണ്ടെന്നും ശ്വസനത്തിലൂടെയും സ്രവത്തിലൂടെയുമാണ് രോഗം പകരുന്നതെന്നും മരിച്ചവരുടെ മൃതദേഹങ്ങളുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കി നിരീക്ഷിച്ചു വരുകയുമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മെഡിക്കല്‍ ക്യാംപ് നടത്തി പനിലക്ഷണങ്ങള്‍ കണ്ടവരുടെ രക്തസാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. 

വൈറസ് ഏതാണെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ക്കായി ഇന്ത്യയിലെ ഏത് ലാബിന്‍റെയും സഹായം തേടും. കേരളത്തില്‍ എവിടെയും ഇത്തരം രോഗലക്ഷണങ്ങള്‍ കണ്ടെത്തിട്ടില്ലെന്നും പതിനാല് ജില്ലകളിലും ഇതിനുള്ള അലേര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്റ്റര്‍ യോഗത്തില്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ വെന്‍റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഒരു പ്രത്യേക വാര്‍ഡും സജ്ജീകരിച്ചിട്ടുണ്ട്.

രോഗം പകരാതിരിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും വകുപ്പിന്‍റെ ഭാഗത്തു നിന്ന് എടുത്തിട്ടുണ്ടെന്നും ഞായറാഴ്ച സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം കലക്ട്രേറ്റില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. പനിയുടെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നവര്‍ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണം. മരിച്ച യുവാക്കളുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന രണ്ട് മുയലുകള്‍ ശ്രദ്ധയില്‍പെടുത്തിപ്പോള്‍ യോഗത്തിലുണ്ടായിരുന്ന വെറ്റിനറി ഡോക്റ്റര്‍ക്ക് മറ്റ് ഡോക്റ്റര്‍മാരുമായി ചര്‍ച്ചചെയ്ത് തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. 

മരിച്ചവരുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വളരെ വേഗത്തില്‍ ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയതായും മന്ത്രി അറിയിച്ചു. പനി നിയന്ത്രിക്കാനും ഇല്ലാതാക്കാനും ആവശ്യമായ എല്ലാ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിക്കുമെന്നും ആശങ്ക വേണ്ടന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് വെന്‍റിലേറ്ററുകളില്ലെങ്കില്‍ കിട്ടാവുന്ന വെന്‍റിലേറ്ററുകള്‍ എത്തിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകള്‍ മുന്‍കരുതല്‍ എടുക്കണമെന്നും ഞായറാഴ്ച കോഴിക്കോട് മിംസ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ പ്രദേശത്ത് എല്ലാ സജ്ജീകരണങ്ങളോടും കൂടി വീണ്ടും മെഡിക്കല്‍ ക്യാംപ് നടത്തും. ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രോഗികളുടെ എണ്ണം കൂടുമെന്ന അനുമാനത്തില്‍ രണ്ട് ഡോക്റ്റര്‍മാരെ അധികമായി നിയോഗിക്കാനും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഇത്തരം രോഗലക്ഷണവുമായി എത്തുന്നവരെ പ്രത്യേകം പരിചരിക്കാനുള്ള ഏര്‍ച്ചാട് ഒരുക്കാനും ചങ്ങരോത്ത് ആവശ്യത്തിന് ആബുലന്‍സ് സൗകര്യമൊരുക്കാനും നിര്‍ദ്ദേശം നല്‍കി.