കോഴിക്കോട്: മെഡിക്കല്‍ കോളേജ് മൈതാനത്തിന് സമീപം കുറ്റിക്കാട്ടില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് ഒരുമാസമെങ്കിലും പഴക്കമുണ്ടാകുമെന്നാണ് പോലീസ് നിഗമനം. കോഴിക്കോട് മെഡിക്കല്‍ കോളേജ് മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടിലെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

ചുരുങ്ങിയത് 40 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണിത്. ഒരു മാസത്തെ പഴക്കമെങ്കിലും മൃതദേഹത്തിന് ഉണ്ടാകുമെന്നാണ് പോലീസ് നിഗമനം. സമീപത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടികളാണ് മൃതദേഹം കണ്ടതും പോലീസിനെ വിവരം അറിയിച്ചതും.

മരിച്ചയാള്‍ ഇടത്തേ കൈയില്‍ സ്വര്‍ണ്ണ നിറത്തിലുള്ള വാച്ച് ധരിച്ചിട്ടുണ്ട്. വലതുകൈയില്‍ രാഖിയുമുണ്ട്. ലുങ്കിയും കാവിയില്‍ നീല ചെക്കുകളുള്ള ഷര്‍ട്ടുമാണ് വേഷം. പുഴുവരിച്ച് തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ വികൃതമായ നിലയിലായിരുന്നു മൃതദേഹം. മരിച്ചത് ആരാണെന്ന് തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് മെഡിക്കല്‍ കോളേജ് പോലീസ്.