കോഴിക്കോട്: റേഷന്‍ കടയെന്നാല്‍ നമ്മുക്ക് എല്ലാം റേഷനായിരിക്കും. സാധനങ്ങള്‍ മാത്രമല്ല പലപ്പോഴും റേഷന്‍ കടക്കാരന്റെ പെരുമാറ്റത്തിനും റേഷനിങ്ങ് ഉണ്ടാകും. എന്നാല്‍ ഇതില്‍ നിന്നൊക്കെ വിഭിന്നമായി ഒരു റേഷന്‍ കട പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പരിമിതിയുണ്ട്. എന്നാല്‍ ഇടപെടലുകളിലോ കരുതലിലോ ആ വിഭജനം ഉണ്ടാകില്ലെന്നുറപ്പ്.
കോഴിക്കോട് കാരക്കുന്നത്തെ എആര്‍ഡി 240-ാം നമ്പര്‍ റേഷന്‍കടയാണ് മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ നാട്ടുകാരുടെ പ്രശംസനേടിയത്. മൂന്നര പതിറ്റാണ്ട് മുമ്പ് റേഷന്‍കട നടത്തിയിരുന്ന വ്യക്തിക്കെതിരേ ഒരു ഉപഭോക്താവ് നല്‍കിയ പരാതിയുടെ ഫലമായി ദീര്‍ഘകാലം കാരക്കുന്നത്ത് റേഷന്‍ കടയില്ലായിരുന്നു. ഇതിനെതിരേ ശബ്ദമുയര്‍ത്തിയ ഉണ്ണികൃഷ്ണനും അശോകനും റേഷന്‍കട പുനസ്ഥാപിക്കാനുള്ള സമരത്തിന് മുന്നിട്ടിറങ്ങി.
നാട്ടുകാരുടെ പ്രയാസം മനസിലാക്കി സ്വന്തം അന്നം തേടിപ്പോകാതെ നാട്ടുകാരുടെ അന്നദാതാവായി ഉണ്ണികൃഷ്ണന്‍ പുത്തഞ്ചേരി റേഷന്‍കട ഏറ്റെടുത്ത് നടത്താന്‍ മുന്നോട്ട് വരുകയായിരുന്നു. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത 20 പേര്‍ മുതല്‍മുടക്കി ലാഭവിഹിതം ഇച്ഛിക്കാതെ 5000 രൂപ വീതമെടുത്ത് ഒരു ലക്ഷം രൂപ സമാഹരിച്ച് കട നിലനിര്‍ത്തി. ഇവിടെ ഉപഭോക്താക്കള്‍ക്ക് പരാതിയോ പരിഭവമോ ഇല്ല. ഈ പൊതുവിതരണകേന്ദ്രം ഇന്ന് 650 കാര്‍ഡുടമകളാല്‍ സമ്പന്നമാണ്.
ഇന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ എസ്എംഎസ് സന്ദേശമയച്ച് അരിയും പഞ്ചസാരയും മണ്ണെണ്ണയും എത്തി എന്ന് ഉപഭോക്താക്കളെ അറിയിക്കുന്നതിന് മുമ്പേ ഉണ്ണികൃഷ്ണന്‍ പുത്തഞ്ചേരി തന്റെ മൊബൈല്‍ ഫോണിലൂടെ അറിയിക്കുന്നു. അധികൃതരുടെ എസ്എംഎസ് കാരക്കുന്നത്തെ ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ആവശ്യമില്ല. നാട്ടുകാരുടെ കൂട്ടായ്മയിലുള്ള പല സഹകരണ സ്ഥാപനങ്ങളും ചക്രശ്വാസം വലിക്കുമ്പോഴും കാരക്കുന്നത്തെ ഈ മാതൃക മറ്റുള്ളവര്‍ക്ക് വഴികാട്ടിയാണ്. നഷ്ടം സഹിച്ച് റേഷന്‍ കടകള്‍ നടത്താന്‍ കഴിയില്ലെന്ന് മുറവിളി പല ഭാഗത്ത് നിന്നും ഉയരുമ്പോഴാണ് ഈ നാട്ടുകൂട്ടായ്മ വിജയം കാണുന്നത്.
