Asianet News MalayalamAsianet News Malayalam

കോഴിക്കോട് റൂറല്‍ പോലീസ് ശ്വാനപടയില്‍ നാല് പുതുമുഖങ്ങള്‍

  • ടൈസണ്‍, ജാങ്കോ, എന്നീ രണ്ട് ആണ്‍ നായകളും, ബോണി, ലക്കി എന്നീ രണ്ട് പെണ്‍ നായകളുമാണ് ഇനി പോലീസില്‍ സേവനം അനുഷ്ഠിക്കുക.
Kozhikode Rural Police Four new faces in Shanjugam

കോഴിക്കോട്: കോഴിക്കോട് റൂറല്‍ ജില്ലയില്‍ പോലീസ് ഡോഗ് സ്‌ക്വാഡില്‍ അംഗങ്ങളായി നാല് ശ്വാനന്‍മാര്‍ കൂടി. ലാബ്രഡോര്‍, ഡോബര്‍മാന്‍ വിഭാഗത്തില്‍പ്പെട്ട രണ്ട് വീതം നായകളാണ് കഴിഞ്ഞ ദിവസം പയ്യോളിയിലെ ക്യാമ്പിലെത്തിയത്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ ഒമ്പത് മാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് ഇവയെ ക്യാമ്പിലെത്തിച്ചത്.

ടൈസണ്‍, ജാങ്കോ, എന്നീ രണ്ട് ആണ്‍ നായകളും, ബോണി, ലക്കി എന്നീ രണ്ട് പെണ്‍ നായകളുമാണ് ഇനി പോലീസില്‍ സേവനം അനുഷ്ഠിക്കുക. ടൈസണും, ലക്കിയും സ്‌നിഫര്‍ വിഭാഗത്തിലും, ബോണിയും, ജാങ്കോയും ട്രാക്കര്‍ വിഭാഗത്തില്‍ പരിശീലനം ലഭിച്ചയുമാണ്. ഒരു വയസ് വീതം പ്രായമുള്ളവയാണ് നാലെണ്ണവും. 

മൂന്നെണ്ണം പയ്യോളിയിലും ഒന്ന് താമരശ്ശേരി സബ് ഡിവിഷനു കീഴില്‍ ബാലുശേരിയിലുമാണുള്ളത്. ഓരോ നായ്കള്‍ക്കും രണ്ട് വീതം പരിശീലകരുണ്ട്. നാദാപുരം സബ് ഡിവിഷണു കീഴില്‍ കെനല്‍ ക്ലബ്ബ് രൂപീകരിക്കുന്നതിനായി റൂറല്‍ എസ് പി അഭ്യന്തര വകുപ്പിന് ശുപാര്‍ശ ചെയ്തു. 52 ലക്ഷം രൂപ ചെലവില്‍ സ്ഥാപിക്കാനാവശ്യമായ പദ്ധതിക്ക് രൂപം നല്‍കിയതായി റൂറല്‍ പോലീസ് മേധാവി എം.കെ.പുഷ്‌കരന്‍ പറഞ്ഞു.

ഇതിന്റെ എസ്റ്റിമേറ്റ് നടപടികള്‍ പൂര്‍ത്തിയായതായും അദ്ദേഹം പറഞ്ഞു. നാദാപുരം മേഖലയിലെ പല ഭാഗത്തും ബോംബ് സ്‌ഫോടനവും മറ്റും നടക്കുന്നതിന്റെയും വെളിച്ചത്തിലുമാണ് ഡോഗ് സ്‌ക്വാഡ് ശക്തമാക്കുന്നത്. കൂടാതെ കളവുകളും ഇടക്കിടെ നടക്കുന്നുണ്ട്. ഇപ്പോള്‍ പയ്യോളി നിന്നാണ് ആവശ്യമുള്ളിടത്തേക്ക് ഡോഗ് സ്‌ക്വാഡിനെ എത്തിക്കുന്നത്. 

പുതുതായി എത്തിയ ഡോഗ് സ്‌ക്വാഡ് അംഗങ്ങള്‍ക്ക് വിവിധ കേസുകള്‍ തെളിയിക്കാനാവശ്യമായ വിദഗ്ദ പരിശീലനം നല്‍കിയിട്ടുണ്ട്. നാദാപുരത്ത് ഡോഗ് സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മേഖലയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി കാത്തു നില്‍ക്കേണ്ട അവസ്ഥ ഒഴിവാക്കാനാകും.
 

Follow Us:
Download App:
  • android
  • ios