കോഴിക്കോട്: ഫോട്ടോ എടുക്കെടാ, നോക്കി നില്‍ക്കാതെ ഫോട്ടോ എടുക്കെടാ...അലറുന്നത് കോഴിക്കോട് ടൗണ്‍ എസ്.ഐ. കേള്‍ക്കുന്നത് കോഴിക്കോട് കോടതി വളപ്പില്‍ ഡ്യൂട്ടിക്കെത്തിയ പൊലീസുകാര്‍. മുന്നിലുള്ളത് ഏഷ്യാനെറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫ് ബിനുരാജ്.
ക്യാമറകള്‍ക്കു മുന്നില്‍ ബിനുരാജിനോട് കലി തുള്ളിയ എസ്.ഐയുടെ ദൃശ്യങ്ങള്‍ മാധ്യമ ക്യാമറകള്‍ ഒപ്പിയെടുക്കുന്നത് കണ്ടപ്പോഴാണ് എസ്.ഐ പൊലീസുകാരോട് ഫോട്ടോ എടുക്കാന്‍ അലറി വിളിച്ചത്. തല്‍ക്ഷണം, പൊലീസുകാര്‍ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉയര്‍ത്തുന്നു. ക്യാമറകള്‍ ഉണരുന്നു. കോമഡി സിനിമകളെ ഓര്‍മ്മിക്കുന്ന വിധത്തില്‍ പൊലീസുകാര്‍ ഷൂട്ടിംഗ് തുടങ്ങുന്നു.
ഐസ്‌ക്രീം കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ ക്രിമിനലുകളെ പോലെ കോഴിക്കോട് കോടതി വളപ്പില്‍ കൈകാര്യം ചെയ്തപ്പോഴാണ് എസ്.ഐ അഴിഞ്ഞാടിയത്. കോടതി വളപ്പില്‍നിന്ന് മാധ്യമ പ്രവര്‍ത്തകരെ നീക്കണമെന്ന് ജഡ്ജിയുടെ വാക്കാലുള്ള ഉത്തരവുണ്ട് എന്നു പറഞ്ഞാണ് എസ്.ഐയും കൂട്ടരും ബിനുരാജ് അടക്കമുള്ള ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെ അറസ്റ്റ് ചെയ്തത്. തത്സമയദൃശ്യങ്ങള്‍ നല്‍കാനുപയോഗിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ഡി.എസ്.എന്‍.ജി വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ കേസ് പരിഗണിക്കവെ മാധ്യമ പ്രവര്‍ത്തകര്‍ കോടതി വളപ്പില്‍ എത്തിയിരുന്നു. എന്നാല്‍ ആരും കോടതിക്ക് അകത്ത് പ്രവേശിച്ചിരുന്നില്ല. അഭിഭാഷകര്‍ അടക്കം ആരും മാധ്യമ പ്രവര്‍ത്തരെ തടയുകയോ പ്രതിഷേധവുമായി രംഗത്തെത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ സ്ഥലത്തെത്തിയ പൊലീസ് സംഘം യാതൊരു പ്രകേപനവുമില്ലാതെ മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് സ്റ്റേഷനില്‍ നിന്ന് മാധ്യമ പ്രവര്‍ത്തരെ ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഫോണ്‍ പിടിച്ചുവാങ്ങുകയും കോളറില്‍ കുത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയും ചെയ്തു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ മറ്റുള്ളവരെ പൊലീസ് അനുവദിച്ചില്ല. മറ്റാരും സ്റ്റേഷന് അകത്ത് പ്രവേശിക്കാതിരിക്കാന്‍ സ്റ്റേഷന് പുറത്തുള്ള വാതിലും പൊലീസ് പൂട്ടിയിട്ടു.
കോടതിയുടെ അകത്ത് മാധ്യമ പ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടയണമെന്ന് ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടായിരുന്നതായി പറയപ്പെടുന്നു. ഇത്തരമൊരു ഉത്തരവുണ്ടെന്ന് പൊലീസോ കോടതിയോ ആരെയും അറിയിച്ചിരുന്നില്ല. കോടതിയുടെ അകത്ത് പ്രവേശിക്കാതെ പുറത്ത് നിന്ന മാധ്യമ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

