ചരടുവലികളിൽ ഹൈക്കമാൻഡിന് അതൃപ്തി സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ എതിർപ്പ് രാജ്യസഭാ സീറ്റ് വിവാദത്തില്‍ സംസ്ഥാന നേതൃത്വം പരാജയം
ദില്ലി: കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന നേതാക്കളെ ദേശീയ തലത്തിൽ ചുമതലയേല്പിക്കാൻ ആലോചന. ഇതോടെ പുതിയ കെ.പി.സി.സി അധ്യക്ഷനെ നിയമിക്കൽ വൈകിയേക്കുമെന്ന് റിപ്പോര്ട്ട്.
കെ.പി.സി.സി അധ്യക്ഷ പദവിയിലേയ്ക്കുള്ള പരിഗണനാ പട്ടികയിൽ ഉള്ള ഒരാളാണ് മുല്ലപ്പള്ളി രാമചന്ദ്രന്. അദ്ദേഹത്തെ തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കാൻ ആലോചനയുണ്ടെന്നാണ് എ.ഐ.സി.സി വൃത്തങ്ങള് വ്യക്തമാക്കുന്നത്. പരിഗണനാ പട്ടികയിലുണ്ടായിരുന്ന വി.ഡി സതീശനെ ഒഡിഷയുടെ കോണ്ഗ്രസ് സ്ക്രീനിങ്ങ് കമ്മിറ്റി ചെയര്മാനാക്കി. അടുത്ത വര്ഷം തിരഞ്ഞെടുപ്പ് നടത്തുന്ന സംസ്ഥാനത്തേയ്ക്കാണ് കാലേക്കൂട്ടിയുള്ള നിയമനം.
കെ.പി.സി.സി അധ്യക്ഷനാകാൻ ചില നേതാക്കള് സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണത്തിൽ കടുത്ത അതൃപ്തിയിലാണ് ദേശീയ നേതൃത്വമുള്ളത്. ഇത്തരം പ്രചരണങ്ങളുടെ അടിസ്ഥാനത്തിലാകും പാര്ട്ടി തീരുമാനമെന്ന് കരുതുന്നത് മണ്ടത്തരമെന്നാണ് എഐസിസി പ്രതികരണം.
രാജ്യസഭാ സീറ്റ് വിവാദത്തിന് പിന്നാലെ സംസ്ഥാനഘടത്തിലുണ്ടായ പ്രശ്നങ്ങളും കെ.പി.സി.സി നേതൃമാറ്റം ചര്ച്ചകള് വൈകാൻ കാരണമായതായാണ് സൂചന. വിഷയത്തിൽ പ്രവര്ത്തകരുടെ വികാരം മനസിലാക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്നാണ് ഹൈക്കമാന്റ് വിലയിരുത്തുന്നത്.
