പൊലീസ് തെരച്ചിൽ തുടരുന്നതിനിടെ, ഒളിവിലിരുന്ന് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി അർജുൻ ആയങ്കി. തന്നെ സിസ്റ്റം തീവ്രവാദിയാക്കിയെന്നും മുട്ടുകുത്തില്ലെന്നും ആയങ്കി പറയുന്നു.
തിരുവനന്തപുരം: പൊലീസ് ഊർജ്ജിതമായ തെരച്ചിൽ നടത്തുന്നതിനിടെ പുതിയ പോസ്റ്റുമായി അർജുൻ ആയങ്കി. മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണെന്നും പുതിയ പോസ്റ്റിൽ പറയുന്നു. വെറും നാല് കേസ് മാത്രം അവശേഷിക്കുന്ന തന്നെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ തീവ്രവാദിയാക്കി മാറ്റി വെടിവെയ്ക്കാനാണ് ഉത്തരവിട്ടതെന്ന് അർജുൻ ആയങ്കി ആരോപിച്ചു.
കള്ളക്കേസിൽ ജയിലിലാക്കിയപ്പോൾ ജീവിതം താറുമാറായ ആളാണ് താൻ. മാനസിക രോഗത്തിലോ മദ്യലഹരിയിലോ അല്ല, പൂർണബോധത്തോടെ തന്നെയാണ് പ്രതികരിച്ചത്. തന്നെ കള്ളക്കേസിൽ ജയിലിലടച്ച കേസ് പുനരന്വേഷണം നടത്തണം. ചത്താലും ഭയപ്പാടില്ലെന്നും മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ലെന്നും അർജുൻ ആയങ്കി പുതിയ പോസ്റ്റിൽ പറയുന്നു. കടലിലകപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബോട്ടിലാണ് താനുള്ളത് എന്ന് പറഞ്ഞിരുന്നെങ്കിൽ റോഡിലിരുന്ന് കരയുന്ന സഹോദരിക്ക് അവരുടെ ഭർത്താവിനെ നേരത്തേ കിട്ടുമായിരുന്നെന്നും ആർജുൻ ആയങ്കി കുറിച്ചു.
കേസ് നടത്തിപ്പിനായി ഗൂഗിൾ പേയിൽ അർജുൻ ആയങ്കി സഹായം അഭ്യർത്ഥിച്ചു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് അർജുൻ ആയങ്കി പണം തേടിയത്. കേസ് ഫണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്തും കൂടി പിന്തുണക്കുക എന്നാണ് സ്റ്റോറിയിട്ടത്. വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് താനിരിക്കുന്നു എന്നും വൈകുന്നേരം അർജുൻ ആയങ്കി പോസ്റ്റ് ഇട്ടിരുന്നു. അതേ സമയം അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സഹോദരൻ അഖിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. തൃശ്ശൂരിൽ വടക്കുംനാഥ ക്ഷേത്രം മൈതാനത്ത് നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്.
ഒളിവിലിരുന്നും പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഒളിവിലുള്ള തന്നെ പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നാണ് അർജുൻ ആയങ്കി നേരത്തെ വെല്ലുവിളിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയപ്പോൾ കീഴടങ്ങാം എന്ന് തീരുമാനിച്ചു. പക്ഷെ അല്ലാതെ പിടിച്ചെ മതിയാവൂ എങ്കിൽ പിടിക്ക്. ഇനി ജാമ്യം എടുത്തിട്ടേ വരൂ എന്നും പറ്റുമെങ്കിൽ പിടിക്കാനും പൊലീസിനെ അർജുൻ ആയങ്കി വെല്ലുവിളിച്ചു. കള്ളക്കേസിൽ കുടുക്കിയ കോതമംഗലം സിഐക്ക് പണി വെച്ചിട്ടുണ്ടെന്നും സന്ദേശത്തിൽ അർജുൻ ആയങ്കി പറയുന്നു.

അര്‍ജുൻ ആയങ്കിയെയും സംഘത്തെയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റ് ചെയ്തിരുന്നു. റിസോര്‍ട്ടിൽ കുറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടെ പിടികൂടി എന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് ജാമ്യത്തിലിറങ്ങിയ അർജുൻ ആയങ്കി കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തി. സമാധാനപരമായി പെൻഷൻ വാങ്ങി ശിഷ്ട ജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി. പിന്നാലെയാണ് പൊലീസ് വീണ്ടും കേസെടുത്തത്.
