ദില്ലി: കെപിസിസി പുനഃസംഘടന ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വിളിച്ച യോഗം നാളെയും മറ്റന്നാളുമായി ദില്ലിയില്‍ നടക്കും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള ചര്‍ച്ചകളാകും നടക്കുകയെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പു പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ സംഘടനാ സംവിധാനത്തെപ്പറ്റി വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണു സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റ് വി എം സുധീരനെതിരെ ഗ്രൂപ്പ് ഭേദമില്ലാതെ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനത്തുനിന്നു സുധീരനെ മാറ്റണമെന്ന ആവശ്യമാണ് മുന്നോട്ടു വയ്ക്കന്നത്. ഒപ്പം 14 ഡിസിസി പ്രസിഡന്റുമാരെയും മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ഈ സാഹചര്യത്തിലാണു യോഗം.
പാര്‍ട്ടി നേതൃത്തില്‍ മാറ്റമുണ്ടാകുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വി.എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ദില്ലിയിലെത്തി. എംഎല്‍എമാര്‍ എംപിമാര്‍ കെപിസിസി മുന്‍ പ്രസിഡന്റുമാര്‍ പാര്‍ട്ടി വക്താക്കള്‍ തുടങ്ങിവരുമായാണു നാളെ കൂടിക്കാഴ്ച. ജനറല്‍ സെക്രട്ടറിമാര്‍ ഡിസിസി പ്രസിഡന്റുമാര്‍ എന്നിവരുമായാണു മറ്റനാളത്തെ കൂടിക്കാഴ്ച.
