തിരുവനന്തപുരം: മൂന്ന് മാസത്തേക്ക് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കെ.എസ്.ഇ.ബി അനുമതി തേടി. യൂണിറ്റിന് 14 പൈസ വീതം അധികമായി ഈടാക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കിയത്. ഈവര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍വരെ വൈദ്യുതി വാങ്ങുന്നതിന് അധികം പണം ചെലവഴിച്ചിട്ടുണ്ടെന്നും ഇത് ഉപഭോക്താക്കളില്‍നിന്ന് സര്‍ചാര്‍ജായി ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഇത് സംബന്ധിച്ച് ഉപഭോക്താക്കളുടെ അഭിപ്രായം തേടാന്‍ നവംബര്‍ എട്ടിന് രാവിലെ റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് നടത്തും.

ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ 74.60 കോടി രൂപയുടെ അധിക ചിലവുണ്ടായി. ഇതിന് പകരം സെപ്റ്റംബര്‍ മുതല്‍ മൂന്നുമാസം എല്ലാ ഉപഭോക്താക്കളില്‍നിന്നും യൂണിറ്റിന് 14 പൈസവീതം കൂടുതല്‍ ഈടാക്കിയാല്‍ ഈ നഷ്ടം നികത്താമെന്നാണ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. വിവിധ വിഭാഗങ്ങളില്‍ യൂണിറ്റിന് 10 പൈസ മുതല്‍ 59 പൈസ വരെയാണ് അന്ന് റെഗുലേറ്ററി കമ്മീഷന്‍ വര്‍ദ്ധിപ്പിച്ചത്. ഇതിനുപിന്നാലെയാണ് സര്‍ചാര്‍ജ് കൂടി വേണമെന്ന ആവശ്യം. മുന്‍കൂട്ടി നിശ്ചയിച്ചതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരുമ്പോള്‍ അതിനുവന്ന അധിക ചിലവാണ് സര്‍ചാര്‍ജ്ജ് എന്ന പേരില്‍ ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്. ഫ്യുവല്‍ സര്‍ചാര്‍ജ്ജ് എന്ന പേരിലാവും ഇത് ഈടാക്കുക. മൂന്നുമാസത്തിലൊരിക്കലാണ് സര്‍ചാര്‍ജ്ജ് ഈടാക്കാന്‍ അനുമതി ആവശ്യപ്പെട്ട് വൈദ്യുതി ബോര്‍ഡിന് റെഗുലേറ്ററി കമ്മീഷനെ സമീപിക്കാന്‍ കഴിയുക. ഉപഭോക്താക്കളുടെ അഭിപ്രായം ആരാഞ്ഞശേഷമായിരിക്കും റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുക്കുക. 

ജൂണിന് ശേഷമുള്ള മാസങ്ങളിലും അധിക തുകയ്ക്ക് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിയിട്ടുണ്ട്. ആദ്യം മൂന്ന് മാസത്തേക്ക് അനുമതി ലഭിക്കുമ്പോള്‍ അതിന് പിന്നാലെ ഇത് ദീര്‍ഘിപ്പിക്കാനുള്ള അനുമതി തേടി കെ.എസ്.ഇ.ബി വീണ്ടും റെഗുലേറ്ററി കമ്മീഷനെ സമീപിക്കും.