Asianet News MalayalamAsianet News Malayalam

തുലാവര്‍ഷം: ഡാമുകളുടെ ഷട്ടര്‍ അടയ്ക്കുന്നത് കരുതലോടെ മാത്രമെന്ന് കെഎസ്ഇബി

ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കേരളതീരത്ത് ഇനിയുളള ദിവസങ്ങളില്‍ കാറ്റും കടല്‍ക്ഷോഭവും കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന

ksebs stand on closing the shutters of dams
Author
Idukki, First Published Aug 21, 2018, 7:20 AM IST

തുലാവര്‍ഷം വരാനിരിക്കുന്ന സാഹചര്യത്തില്‍ ഡാമുകളുടെ ഷട്ടര്‍ അടയ്ക്കുന്ന കാര്യത്തില്‍ കരുതലോടെ മാത്രമെ തീരുമാനമെടുക്കൂ എന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ് പിളള. പ്രളയ മേഖലകളില്‍ വെളളക്കെട്ട് തുടരുന്നതിന് കാരണം ഡാമുകളല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. അതേസമയം, പ്രളയജലം കടലിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന.

സാധാരണ തുലാവര്‍ഷപ്പെയ്ത്തിലാണ് കേരളത്തിലെ ഡാമുകള്‍ നിറയാറുളളത്. ഇത് മുന്‍കൂട്ടി കണ്ട് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തിനു ശേഷം ഡാമുകളില്‍ 30 ശതമാനം വരെ കുറവ് വെളളമാണ് സൂക്ഷിക്കാറുളളത്. എന്നാല്‍ അഭൂതപൂര്‍വമായ പ്രളയത്തില്‍ ഡാമുകളെല്ലാം നിറഞ്ഞു കവിഞ്ഞ സാഹചര്യത്തില്‍ വെളളം തുറന്നു വിട്ടേ മതിയാകൂ. പെരിയാര്‍ തീരത്തടക്കം വെളളക്കെട്ട് തുടരുന്നത് പ്രളയജലം കടലിലേക്ക് ഒഴുകാത്തത് മൂലമാണ്. ഇപ്പോള്‍ തുറന്നുവിടുന്ന വെള്ളം അപകടമൊന്നും സൃഷ്ടിക്കുന്ന അളവിലുള്ളതല്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍.എസ്.പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. "ഇപ്പോഴത്തെ അലര്‍ട്ട് ലെവല്‍ 2399 ആണ്. അതായത് റെഡ് അലര്‍ട്ട് നിലയില്‍ തന്നെയാണ് ഇപ്പോഴും. അതിനുതാഴേക്ക് വന്നാല്‍ മാത്രമേ ഷട്ടറുകള്‍ അടയ്ക്കാനാവൂ."

അതേസമയം, ശക്തമായ കാറ്റും കടല്‍ക്ഷോഭവും പ്രളയ ജലത്തിന്‍റെ കടലിലേക്കുളള ഒഴുക്ക് കുറച്ചതായി ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ പറയുന്നു. കായലും പുഴകളും ഇതര ജലസ്രോതസുകളും ഒരുപോലെ നിറഞ്ഞ് കവിഞ്ഞതും വെളളക്കെട്ട് തുടരാന്‍ കാരണമായി. വന്നിട്ടുള്ള വെള്ളം കടലിലേക്ക് ഒഴുകിപ്പോകണമെന്നും എന്നാലേ ജലത്തിന്‍റെ വിതാനം താഴൂവെന്നും തീരദേശ വികസന അതോറിറ്റി ചീഫ് എഞ്ചിനീയര്‍ കൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടാവസ്ഥ മാറിയെങ്കിലും പുഴകളില്‍ ഇപ്പോഴും നല്ല നീരൊഴുക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കേരളതീരത്ത് ഇനിയുളള ദിവസങ്ങളില്‍ കാറ്റും കടല്‍ക്ഷോഭവും കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന സൂചന.

Follow Us:
Download App:
  • android
  • ios