സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം തേടി മെഹബൂബ മുഫ്തി കത്ത് നല്‍കിയതിന് പിന്നാലെയാണ് ഗവർണർ സത്യപാൽ നായിക് നിയമസഭ പിരിച്ചു വിട്ടത്. 

ശ്രീനഗര്‍: ബദ്ധവൈരികളായ പിഡിപിയേയും നാഷണല്‍ കോണ്‍ഫറന്‍സിനേയും ഒന്നിച്ചു നിര്‍ത്തി ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം തുടങ്ങിയതിന് പിന്നാലെ ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചു വിട്ട് ഗവര്‍ണര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം തേടി മെഹബൂബ മുഫ്തി കത്ത് നല്‍കിയതിന് പിന്നാലെയാണ് ഗവർണർ സത്യപാൽ നായിക് നിയമസഭ പിരിച്ചു വിട്ടത്. 

ജമ്മുകശ്മീർ പീപ്പിൾ കോൺഫറൻസ് നേതാവ് സജാദ് ലോണും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് ഇതിനിടെ രംഗത്തു വന്നിരുന്നു. ബിജെപിയുടെ പിന്തുണയോടെയാണ് സജാദ് ലോണിന്‍റെ നീക്കം. അഞ്ച് മാസമായി രാഷ്ട്രപതി ഭരണം തുടരുന്ന ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ 87 അംഗ കശ്മീര്‍ നിയമസഭയില്‍ 44 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്. 

കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ്- പിഡിപി സഖ്യത്തിന് 54 എംഎല്‍എമാരുടെ പിന്തുണയുണ്ട്. മെഹബൂബ മുഫ്തിയും സജാദ്ലോണും അവകാശവാദം ഉന്നയിച്ച സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ നാടകങ്ങളാവും വരും ദിവസങ്ങളില്‍ ജമ്മു കശ്മീരില്‍ നടക്കുക. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരും അമിത് ഷായും സ്വീകരിക്കുന്ന തുടര്‍ നിലപാടുകള്‍ എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നീരിക്ഷകര്‍.