കര്‍ണാടകത്തിലെ ചന്നപട്ടണയില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരെ കൊളളയടിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയില്‍. മാണ്ഡ്യ സ്വദേശികളായ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കവര്‍ന്ന സാധനങ്ങളും പൊലീസ് കണ്ടെടുത്തു.


മാണ്ഡ്യ സ്വദേശികളായ അമീന്‍ ഹുസൈന്‍, ഷുഹൈബ്, ഉമര്‍ ഫറൂഖ്, മുഹമ്മദ് അബ്‍ദുള്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ മുഹമ്മദ് അബ്‍ദുളിനെ സംഭവം നടന്ന ഓഗസ്റ്റ് 31ന് തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റുളളവരെക്കുറിച്ച് സൂചന ലഭിച്ചത്. മാണ്ഡ്യയിലെ ഒളിസങ്കേതത്തില്‍ നിന്ന് മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബസില്‍ നിന്ന് കവര്‍ന്ന സ്വര്‍ണമാലയും ബാഗും കണ്ടെടുത്തു. രണ്ട് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. വടിവാളും വെട്ടുകത്തിയുമടക്കമുളള ആയുധങ്ങളും കണ്ടെടുത്തു.ഇതിന് മുമ്പും ചില വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി കൊളള നടത്തിയിട്ടുണ്ടെന്ന് ഇവര്‍ പൊലീസിനോട് സമ്മതിച്ചു. പ്രദേശത്തെ മറ്റ് കൊളളസംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ ഇവരുടെ അറസ്റ്റിലൂടെ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ഓഗസ്റ്റ് 30ന് രാത്രിയാണ് കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കയറി നാലംഗ സംഘം കൊളള നടത്തിയത്. ബെംഗളൂരുവിലേക്കാണെന്ന് പറഞ്ഞ് ബസില്‍ കയറിയ ശേഷം ആയുധങ്ങള്‍ ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവര്‍ച്ച. ചന്നപട്ടണ പൊലീസ് സ്റ്റേഷന് അരക്കിലോമീറ്റര്‍ അടുത്തായിരുന്നു സംഭവം. സ്റ്റേഷന്‍ ലക്ഷ്യമക്കി ഡ്രൈവര്‍ വണ്ടിയെടുത്തതാണ് കൂടുതല്‍ കവര്‍ച്ച ഒഴിവാക്കിയത്. കര്‍ണാടക ഡിജിപിയുടെ നിര്‍ദേശപ്രകാരം രാമനഗര ഡിവൈഎസ്‌പിയാണ് കേസ് അന്വേഷിച്ചത്.