ബംഗളുരുവില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസുകള്‍ക്ക് ഹൊസൂരില്‍ ബോര്‍ഡിങ് പോയിന്റ് അനുവദിച്ചു. ദീര്‍ഘനാളായി ഇത് സംബന്ധിച്ച ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ പരിഗണിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് ഇന്ന് ഏഷ്യാനെറ്റ് ന്യൂസ്.ടിവി വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്നാണ് സ്റ്റോപ്പ് അനുവദിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചത്. വോള്‍വോ, സ്കാനിയ അടക്കമുള്ള എല്ലാ സര്‍വ്വീസുകള്‍ക്കും നാളെ മുതല്‍ ഹൊസൂരില്‍ ബോര്‍ഡിങ് പോയിന്റ് ഉണ്ടാകുമെന്ന് കെ.എസ്.ആര്‍.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപറേഷന്‍സ്) ജി അനില്‍കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലേക്ക് വരുന്ന നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥലമായിട്ടും സ്കാനിയ, വോള്‍വോ എന്നിവ അടക്കം ഒരു സര്‍വ്വീസിനും ഇവിടെ സ്റ്റോപ്പ് അനുവദിച്ചിരുന്നില്ല. ഇത് കാരണം ഇവിടെ നിന്ന് 21 കിലോമീറ്റര്‍ അകലെയുള്ള ഇലക്ട്രോണിക് സിറ്റിയിലെത്തിയാണ് ഇവര്‍ ബസില്‍ കയറിയിരുന്നത്‍. നാട്ടിലേക്കുള്ള യാത്രയ്ക്കൊരുങ്ങി ലഗേജുകളുമായി ഇലക്ട്രോണിക് സിറ്റി വരെ പോയ ശേഷം അവിടെ നിന്ന് ബസില്‍ കയറി പോയവഴിയെ തിരികെ വരേണ്ട അവസ്ഥയായിരുന്നു യാത്രക്കാര്‍ക്ക്. നിരവധി യാത്രക്കാരുള്ള ഇവിടെ ബോര്‍ഡിങ് അനുവദിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ടെങ്കിലും ഇനുകൂലമായൊരു തീരുമാനം ആദ്യമായാണ് കെ.എസ്.ആര്‍.ടി.സി സ്വീകരിക്കുന്നത്. ഇത് സംബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി കാമ്പയിനുകളും നടന്നിരുന്നു.
കേരളത്തിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വ്വീസ് നടത്തുന്ന മറ്റ് സ്വകാര്യ ബസുകള്‍ക്കെല്ലാം നേരത്തെ തന്നെ ഹൊസൂരില്‍ ബോര്‍ഡിങ് പോയിന്റുണ്ട്. കര്‍ണ്ണാടക ആര്‍.ടി.സിയുടെ കേരളത്തിലേക്കുള്ള ബസുകള്‍ക്കും ഹൊസൂരില്‍ ബോര്‍ഡിങ് പോയിന്റുണ്ട്. അതുകൊണ്ടുതന്നെ യാത്രകള്‍ക്കായി സ്വകാര്യ ബസുകളെയോ കര്‍ണ്ണാടക ആര്‍.ടി.സിയുടെ ബസുകളെയോ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ഇത്രയും നാള്‍ ഹൊസൂരിലെ മലയാളികള്‍. വിഷു, ഈസ്റ്റര്‍ തുടങ്ങിയവ പ്രമാണിച്ച് ഒന്‍പത് സര്‍വ്വീസുകള്‍ വീതം ബംഗളുരുവിലേക്കും തിരിച്ചും കെ.എസ്.ആര്‍.ടി.സി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ തീരുമാനം പുറത്തുവന്നതോടെ ഈ ബസുകള്‍ക്കും ഇനി ഹൊസൂരില്‍ ബോര്‍ഡിങ് പോയിന്റ് ഉണ്ടാകും.
