അപകടത്തിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍  കേരള പോലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു

കോട്ടയം: കോട്ടയം പാമ്പാടിയില്‍ ഇന്നലെ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടതിനു പിന്നാലെ എത്തിയ മോട്ടോര്‍ വകുപ്പിന്‍റെ വാഹനം നിര്‍ത്തിയില്ലെന്ന ആക്ഷേപത്തിനു മറുപടിയുമായി കേരള പോലീസ്. അപകടത്തിന്‍റെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കേരള പോലീസ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു.

വാഹനാപകടം നടന്നിട്ടും തൊട്ടു പുറകെ വന്ന മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നിരുന്നു. അപകടം നടന്നതിനു കുറച്ചു മുന്നിലായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹനം നിര്‍ത്തുന്നതും അതില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഇറങ്ങി അപകടസ്ഥലത്തേക്ക് വരുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. 

റോഡ് സൈഡിലുള്ള ഹോട്ടലിന്റെ പാര്‍ക്കിംഗ് ഏരിയായില്‍ നിന്നു അശ്രദ്ധയോടെ ഹൈവേയിലേക്ക് പ്രവേശിച്ച ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച കെഎസ്ആര്‍ടിസി ബസ് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.