കെ എസ് യു  ആലപ്പുഴ ജില്ലാ പ്രസിഡണ്ട് സഞ്ചരിച്ച കാറിൽ അലക്ഷ്യമായി ഓടിച്ച ബസ്സ്  തട്ടിയെന്നും സംഘം ആരോപിച്ചു

ആലപ്പുഴ: കായംകുളത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ മദ്യപിച്ചെന്നാരോപിച്ച് ബസ്സ് അരമണിക്കൂറോളം തടഞ്ഞിട്ടു. കാറില്‍ പിറകെയെത്തിയ കെഎസ് യു ആലപ്പുഴ ജില്ലാ പ്രസിഡണ്ടും സംഘവും മര്‍ദ്ദിച്ചെന്നാരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറെ കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് വാഹനങ്ങളെ ഇടിക്കുന്ന രീതിയില്‍ അലക്ഷ്യമായി ബസ്സോടിച്ചതിനെതിരെ പരാതി നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് കെ എസ് യു ജില്ലാ പ്രസിഡണ്ടിന്‍റെ വിശദീകരണം.

പളനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി ബസ്സ്. ആലപ്പുഴയില്‍ നിന്ന് കായംകുളത്തേക്ക് കാറില്‍ വരികയായിരുന്നു കെഎസ് യു ജില്ലാ പ്രസിഡണ്ടും കെ എസ് യു പ്രവര്‍‍ത്തകരും. അമ്പലപ്പുഴ മുതല്‍ ബസ്സ് ഡ്രൈവര്‍ ശ്രദ്ധയില്ലാതെ ബസ്സോടിച്ചെന്നാണ് കെ എസ് യു ജില്ലാ പ്രസിഡണ്ട് പ്രസിഡണ്ട് പറയുന്നത്. ഹരിപ്പാട് വെച്ച് തന്നെ ഡ്രൈവറോട് ചോദിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് കായംകുളത്ത് എത്തി പരാതി നല്‍കുകയായിരുന്നു എന്ന് കെ എസ് യു ജില്ലാ പ്രസിഡണ്ട് പറഞ്ഞു.

കായംകുളത്ത് ഭക്ഷണം കഴിക്കാന്‍ നിര്‍ത്തിയതോടെ കെ എസ് യു ജില്ലാ പ്രസിഡണ്ടും കാറില്‍ കൂടെയുണ്ടായിരുന്ന കെ എസ് യു പ്രവര്‍ത്തകരും ചേര്‍ന്ന് ഡ്രൈവറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. നാട്ടുകാരും ചുറ്റുംകൂടിയതോടെ ബഹളമായി. ഡ്രൈവര്‍ മദ്യപിച്ചെന്നായിരുന്നു കെഎസ് യു പ്രവര്‍ത്തകരുടെ ആരോപണം. ഡ്രൈവറെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ മുറിയിലേക്ക് കൊണ്ടുപോയി. പൊലീസെത്തി പരിശോധിച്ചതോടെ മദ്യപിച്ചില്ലെന്ന് തെളി‍‍ഞ്ഞു. ഒരു തെറ്റും ചെയ്യാത്ത തന്നെ മദ്യപിച്ചെന്നാരോപിച്ച് മര്‍ദ്ദിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറഞ്ഞു.

ബസ്സ് ഡ്രൈവര്‍ നല്ല രീതിയിലാണ് ബസ്സ് ഓടിച്ചതെന്നാണ് ബസ്സിലുണ്ടായിരുന്ന ദീര്‍ഘദൂര യാത്രക്കാര്‍ പറഞ്ഞത്. ഡ്രൈവര്‍ ഹനികുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ യാത്രക്കാരെ മറ്റ് ബസ്സുകളില്‍ കയറ്റിവിട്ടു.