കണ്ടക്ടറുടെ കൈയില്‍ നിന്നും നിലത്തു വീണ ബാഗില്‍ നിന്നും പണം നഷപ്പെട്ടിട്ടുണ്ട്. ബില്ലിംഗ് മെഷീനും കേടായി യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പ്രതികളെ പോലീസില്‍ ഏല്പിച്ചു.

എറണാകുളം: പെരുമ്പാവൂരില്‍ കെ.എസ്.ആ.ര്‍.ടി.സി കണ്ടക്ടര്‍ക്ക് മൂന്നംഗ സംഘത്തിന്റെ മര്‍ദ്ദനം. കല്‍പ്പറ്റ-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലെ കണ്ടക്ടര്‍ സതീഷിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കോതമംഗലം സ്വദേശികളായ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ധരാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

കല്‍പറ്റയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. ബസിലുണ്ടായിരുന്ന ഡ്രൈവറും കണ്ടക്ടറും പറയുന്നതിങ്ങനെ... പെരുമ്പാവൂരിലെത്തിയപ്പോള്‍ ചായ കുടിക്കാനായി ബസ് നിര്‍ത്തി. ചായകുടിച്ചു കൊണ്ടിരുന്നപ്പോള്‍ മൂന്നു യുവാക്കള്‍ വന്നു കോയമ്പത്തൂര്‍ക്കുള്ള ബസിന്റെ സമയം ചോദിച്ചു. എന്നാല്‍ തങ്ങള്‍ ഇവിടുത്തുകാരല്ല, ഓഫീസില്‍ ചോദിക്കൂ... എന്ന് സതീഷ് മറുപടി പറഞ്ഞു. 

ഇതില്‍ പ്രകോപിതരായ യുവാക്കള്‍ കണ്ടക്ടര്‍ സതീഷിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തു. മുഖത്ത് ഇടിച്ച ശേഷം ചവിട്ടി താഴെ വീഴ്ത്തുന്നതിനിടെ കൈയിലിരുന്ന ബാഗ് തട്ടിപ്പറിക്കുവാനും ശ്രമിച്ചെന്ന് ബസ് ജീവനക്കാര്‍ പറയുന്നു.

കണ്ടക്ടറുടെ കൈയില്‍ നിന്നും നിലത്തു വീണ ബാഗില്‍ നിന്നും പണം നഷപ്പെട്ടിട്ടുണ്ട്. ബില്ലിംഗ് മെഷീന്‍ കേടായി. തുടര്‍ന്ന് യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് പ്രതികളെ പോലീസില്‍ ഏല്പിച്ചു. പരിക്കേറ്റ സതീഷ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്