കൂടുതല്‍ ആളുകള്‍ മല കയറുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കും. ഇത് കുറയ്ക്കാനാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

പമ്പ: നിലയ്ക്കല്‍ മുതല്‍ പമ്പ വരെയുള്ള ബസ് സര്‍വ്വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു. സുരക്ഷാ കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടി. അഭൂതപൂര്‍വ്വമായ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കൂടുതല്‍ ആളുകള്‍ മല കയറുന്നത് സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കും. ഇത് കുറയ്ക്കാനാണ് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഒരു മണിക്കൂര്‍ നേരത്തേക്കാണ് നിരോധനം എന്നാണ് അറിയുന്നത്. ഒരു മണിക്കൂറിന് ശേഷം സര്‍വ്വീസ് വീണ്ടും ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം ചെന്നൈയിലെ മനിതി സംഘടനയുടെ നേതൃത്വത്തില്‍ മലകയറാനെത്തിയ സ്ത്രീകളെ തടഞ്ഞ് പമ്പയില്‍ നാമജപ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കാനന പാതയില്‍ മനിതി സംഘം നടക്കുന്ന വഴിയില്‍ കുത്തിയിരുന്നാണ് നാമജപ പ്രതിഷേധം. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് ശരണം വിളിക്കുകയാണ്. സ്ഥലത്ത് ചെറിയ തോതിലുള്ള സംഘര്‍ഷ സാധ്യതയും ഉടലെടുത്തിട്ടുണ്ട്.

എന്നാല്‍ തിരിച്ച് പോകില്ലെന്ന ഉറച്ച നിലപാടിലാണ് മനീതി സംഘം. സംഘം നേതാവ് ശെല്‍വിയെ എസ് പിയുമായി ചര്‍ച്ചയ്ക്കായി ഗാഡ്റൂമിലെത്തിച്ചിട്ടുണ്ട്. ഉടന്‍ ചര്‍ച്ച ആരംഭിക്കും. മല കയറാന്‍ തന്നെയാണ് സംഘം തീരുമാനിക്കുന്നതെങ്കില്‍ പൊലീസിന് കൂടുതല്‍ സേനയെ വിന്യസിക്കേണ്ടി വരുമെന്നാണ് കരുതുന്നത്.