തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സമ്പൂര്‍ണ്ണ കംപ്യൂട്ടര്‍വല്‍ക്കരണത്തിന് റീ ടെന്‍ഡര്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം.സര്‍ക്കാര്‍ സ്ഥാപനങ്ങളായ സി.ഡിറ്റിനെയും കെല്‍ട്രോണിനെയും ഒഴിവാക്കി വഴിവിട്ട രീതിയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌സ് സൊസൈറ്റിക്ക് കരാര്‍ നല്‍കാനുള്ള കെ.എസ്.ആര്‍.ടി.സി നീക്കമാണ് പൊളിഞ്ഞത്.
ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ക്വാണ്ടം എയോണും ചേര്‍ന്ന കണ്‍സോര്‍ഷ്യത്തെയാണ് 200 കോടിയുടെ സമ്പൂര്‍ണ കംപ്യൂട്ടര്‍വല്‍ക്കരണത്തിന് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് തിരഞ്ഞെടുത്തത്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ സി.ഡിറ്റിനിയെും കെല്‍ട്രോണിനെയും വിചിത്രമായ രീതിയില്‍ ഒഴിവാക്കിയായിരുന്നു ഇത്. ഇതിനെതിരെ ഇരു സ്ഥാപനങ്ങളും സര്‍ക്കാരിന് പരാതിയും നല്‍കി. ആദ്യവട്ട സാങ്കേതിക പരിശോധനയില്‍ സി.ഡിറ്റ് മാത്രമാണ് പാസായത്. ഇതോടെ രണ്ടാംവട്ട പരിശോധന നടത്തി. ഇതില്‍ ഊരാളുങ്കലിനൊപ്പം പാസായ കെല്‍ട്രോണിന് ടെണ്ടര്‍ തുറക്കാനായി ചേര്‍ന്ന യോഗത്തില്‍ വച്ച് കെ.എസ്.ആര്‍.ടി.സി വിചിത്രമായ രീതിയില്‍ അയോഗ്യരാക്കി.
ഊരാളുങ്കലിനെ തിരഞ്ഞെടുത്ത നടപടി അംഗീകരിക്കണമെന്ന മാനേജ്മെന്‍റാവശ്യം പക്ഷേ ബോര്‍ഡ് തള്ളി. സി.ഐ.ടി.യു ,എ.ഐ.ടി.യു.സി പ്രതിനിധികള്‍ തന്നെ നിര്‍ദേശത്തെ എതിര്‍ത്തു . സാങ്കേതിക ധനകാര്യ പരിശോധന വേണമെന്ന നിര്‍ദേശിച്ചു .ഇതിനായി ടെണ്ടര്‍ നടപടികള്‍ സര്‍ക്കാര്‍ പരിശോധനയ്‌ക്ക് വിട്ടു . സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഐ.ടി.വകുപ്പ് കരാറുമായി മുന്നോട്ട് പോകേണ്ടെന്ന് നിര്‍ദേശിച്ചു. ഇതോടെ ഗതാഗത വകുപ്പ് റീ ടെണ്ടര്‍ നടപടികള്‍ക്ക് കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയത്.
ടിക്കറ്റിന് 24 പൈസയായിരുന്നു ഊരാളുങ്കലിന്‍റെ നിരക്ക്. ഇതിലും താഴെയാണ് മറ്റു സ്ഥാപനങ്ങള്‍ നിര്‍ദേശിച്ചത്. കംപ്യൂട്ടര്‍ വല്‍ക്കരണത്തിനൊപ്പം അത്യാധുനിക ടിക്കറ്റ് മെഷ്യിനുകളും വിതരണം ചെയ്യുന്നതിനാണ് കരാര്‍.
