വയനാട്: കെ.എസ്.ആര്‍.ടി.സി സുല്‍ത്താന്‍ബത്തേരി ഡിപ്പോയിലെ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ കെ. ശ്രീകുമാരനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അമ്പലവയല്‍-ബത്തേരി റൂട്ടില്‍ കെ.യു.ആര്‍.ടി.സിക്ക് കീഴിലുള്ള ലോ ഫ്ളോര്‍ ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി.
ചീഫ് ഓഫീസിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍) ശ്രീകുമാരനെ വിളിച്ച് സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ലോ ഫ്ളോര്‍ ബസുകള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന് ശേഷമാണ് അസിസ്റ്റന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഉത്തരവ് നല്‍കാന്‍ എ.ടി.ഒയോട് നിര്‍ദേശം നല്‍കുകയായിരുന്നു.
അമ്പലവയല്‍ റൂട്ടിലെ ലോ ഫ്ളോര്‍ ബസുകളില്‍ കണ്‍സഷന്‍ അനുവദിച്ചത് ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ ശ്രീകുമാരന്റെ അറിവോടെയാണെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേ സമയം നടപടിയില്‍ തെറ്റില്ലെന്നും കേരളത്തിലെവിടെയും ഇത്തരം ബസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുന്നില്ലെന്നും എ.ടി.ഒ ജയകുമാര്‍ പറഞ്ഞു. നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചതിനാണ് നടപടിയെടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം
കണ്‍ട്രോളിങ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തതിന് തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. അമ്പലവയല്‍ റൂട്ടില്‍ സാധാരണ ബസുകള്‍ ആവശ്യത്തിനില്ലാതിരിക്കെ ലോ ഫ്ളോര്‍ ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിച്ചിരുന്നു. മുന്‍കാലങ്ങളിലെല്ലാം ഇത്തരം രീതിയുണ്ടായിരുന്നു. അടുത്ത കാലത്ത് ഡിപ്പോയിലെത്തിയ ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടറും ഇത് തുടരുക മാത്രമാണ് ചെയ്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്.
