തിരുവനന്തപുരം: പ്രതിമാസ നഷ്ടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിക്കുന്നു. ശരാശരി 100 കോടിരൂപ പ്രതിമാസ കടമുണ്ടായിരിക്കെ, മാനെജ്‌മെന്റ് സര്‍ക്കാറിനെ അറിയിച്ചത് 85 കോടി രൂപയുടെ ബാധ്യത മാത്രം.

ബജറ്റ് പ്രസംഗത്തിലാണ് കെഎസ്ആര്‍ടിസി പ്രതിമാസം 85 കോടി രൂപ കടത്തിലെന്നു ധനമന്ത്രി സഭയെ അറിയിച്ചത്. എന്നാല്‍ വസ്തുതകള്‍ ഇതല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തെ മാത്രം കടം 138 കോടി രൂപ. ചെലവും ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ 299 കോടിയാണ് കഴിഞ്ഞ മാസത്തെ ചെലവ്. വരവാകട്ടെ, 160 കോടി രൂപ മാത്രവും.

ജൂലായില്‍ കടം ഇതിലും കൂടുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ശമ്പളവും പെന്‍ഷന്‍ കുടിശ്ശികയും വേറെ. മുന്‍ മാസങ്ങളിലെ കണക്കു പരിശോധിച്ചാല്‍ ശരാശരി 100 കോടിരൂപ പ്രതിമാസ കടം ഉണ്ടെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്.

ഈ കണക്കുകള്‍ മറച്ചുവെച്ച് കൂടുതല്‍ കടമെടുക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കമെന്നാണു സൂചന. അങ്ങനെയെങ്കില്‍ രൂക്ഷമായ കടക്കെണിയിലേക്കാവും കെഎസ്ആര്‍ടിസിയുടെ പോക്കെന്നും, പ്രതിദിന സര്‍വ്വീസുകളെ ബാധിക്കുമെന്നും ജീവനക്കാര്‍ പറയുന്നു.

ആകെയുളള 93 ഡിപ്പോയില്‍ 55 എണ്ണവും ഇപ്പോള്‍ത്തന്നെ പണയത്തിലാണ്. ഈ ഡിപ്പോകളില്‍ നിന്നുളള വരുമാസം കടംതിരിച്ചടവിന്റെ ഇനത്തില്‍ വിവിധ ധനകാര്യസ്ഥാപനങ്ങളിലേക്കു പോകുന്നു. ബാക്കിയുളള 28 ഡിപ്പോയില്‍ നിന്നുളള വരുമാനം ഡീസലടിക്കാന്‍ പോലും തികയുന്നില്ലെന്നാണു യാഥാര്‍ഥ്യം.

രാഷ്ട്രീയ ലക്ഷ്യംവച്ചാണു യഥാര്‍ത്ഥ കണക്ക് മാനേജ്‌മെന്റ് മറച്ചുവയ്ക്കുന്നതെന്ന് ഒരു വിഭാഗം ജീവനക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ കടക്കണക്കു തെറ്റായി നല്‍കിയിട്ടില്ലെന്നും സാങ്കേതികപ്പിഴവ് മൂലം ചെറിയ വ്യത്യാസം വന്നിട്ടുണ്ടെന്നുമാണു മാനേജ്‌മെന്റിന്റെ വാദം.