തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിൽ ജോലിയിൽ നിന്നൊഴിവാക്കിയ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കാനാകില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ഗതാഗതമന്ത്രിക്ക് കത്ത് നല്‍കി . നടപടി മരിവിപ്പിക്കണമെന്ന മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാനാകില്ലെന്നാണ് എം.ഡി വ്യക്തമാക്കിയിരിക്കുന്നത്
കെ.എസ്.ആര്‍.ടി.സിയുടെ റീജിയണൽ വര്‍ക്ക് ഷോപ്പുകളിലെ മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന എം.പാനൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത് .അഞ്ഞൂറിലധികം പേരെയാണ് ഇങ്ങനെ പിരിച്ചുവിട്ടത്.എന്നാൽ ഇത് ഇടതു സര്‍ക്കാരിന്‍റെ നയമല്ലെന്ന വ്യക്തമാക്കിയാണ് നടപടി മരവിപ്പിക്കാൻ ഗതാഗത സെക്രട്ടറിക്കും എം.ഡിക്കും മന്ത്രി തോമസ് ചാണ്ടി നിര്‍ദേശം നല്‍കിയത് .
പക്ഷേ ഇതു പാലിക്കാനാകില്ലെന്നാണ് എം.ഡി എം.ജി രാജമാണിക്യം മന്ത്രിയെ അറിയിച്ചത് . ഇപ്പോഴത്തെ സാന്പത്തിക സ്ഥിതിയിൽ ഇവരെ തിരിച്ചെടുക്കാനാകില്ലെന്നാണ് എം.ഡിയുടെ നിലപാട് . നിലവിൽ ബസ് ബോഡി നിര്‍മാണം ഇല്ല . ബോഡി നിര്‍മിക്കേണ്ട ഘട്ടത്തിൽ ഇവര്‍ക്ക് ജോലി നല്‍കുന്ന കാര്യം ആലോചിക്കാമെന്നാണ് എം.ഡി വ്യക്തമാക്കിയിരിക്കുന്നത്.
പത്തു വര്‍ഷത്തിലധികമായി കെ.എസ്.ആര്‍.ടി.സിയിൽ ജോലി ചെയ്തിരുന്നവരെ തിരിച്ചെടുക്കാനാകില്ലെന്ന കടുത്ത നിലപാടാണ് എം.ഡിയുടേത് . ഇവരെ തിരിച്ചെടുക്കണമെന്നാണ് എല്ലാ തൊഴിലാളി യൂണിയനുകളും ആവശ്യപ്പെട്ടത് .പിരിച്ചുവിടൽ നടപടി റദ്ദാക്കാമെന്ന് നാളെ പണിമുടക്ക് നടത്താനിരുന്നു റ്റി.ഡി.എഫിന് ഇന്നത്തെ ചര്‍ച്ചയിലും ഉറപ്പ് നല്‍കിയിരുന്നു .ഇതടക്കമുള്ള ഉറപ്പുകളെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവച്ചത് . നാളെ മുതൽ കെ.എസ്.ആര്‍.ടി.സിയിൽ സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം തുടങ്ങും .
