തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഇന്നലെ പണിമുടക്കിയ ജീവനക്കാർക്ക് കൂട്ടസ്ഥലംമാറ്റം. എഐടിയുസി-ബിഎംഎസ് സംഘടനയിൽ പെട്ട മൂന്നൂറിലേറെ ജീവനക്കാരെയാണ് മാറ്റിയത്. ഇടത് സർക്കാർ തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുകയാണെന്നും ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും സിപിഐ അനുകൂല സംഘടനയായ എഐടിയുസി വ്യക്തമാക്കി.
പണിമടുക്കിയ ഡ്രൈവർമാരെയും കണ്ടക്ടർമാരെയുമാണ് കൂട്ടത്തോടെ സ്ഥലം മാറ്റിയത്. 137 ഡ്രൈവർമാരെ വിവിധ ഡിപ്പോകളിൽ നിന്നും ഒറ്റയടിക്ക് മാറ്റി. ശമ്പളവും പെൻഷനും കൃത്യസമയത്ത് നൽകണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്. രണ്ടാഴ്ച മുമ്പ് നോട്ടീസ് നൽകി സമരം ചെയ്ത ജീവനക്കാർക്കെതിരെ പ്രതികാര നടപടിയാണ് മാനേജ്മെന്‍റ് സ്വീകരിക്കുന്നതെന്ന് എ.ഐടിയുസി കുറ്റപ്പെടുത്തി.
നോട്ടീസ് നല്‍കിയത് പണിമുടക്കാനുള്ള അവകാശമായി കാണാൻ കഴിയില്ലെന്നാണ് കെഎസ്ആർടിസി മാനേജ്മെന്‍റിന്‍റെ വാദം, പണിമുടക്ക് സ്ഥാപനത്തിനും യാത്രക്കാർക്കും ഉണ്ടാക്കിയത് വലിയ നഷ്ടമാണ്, നഷ്ടം നികത്താനുള്ള നടപടിയെടുക്കാൻ സർക്കാർ മാനേജ്മെന്‍റിന് സ്വാതന്ത്രം നൽകിയിട്ടുണ്ടെന്നും കെഎസ്ആർടിസി വിശദീകരിക്കുന്നു. ഉത്തരവ് മരവിപ്പിച്ചിലലെങ്കിൽ അനിശ്ചിതകാല സമരം വരെ എഐടിയുസി ആലോചിക്കുന്നുണ്ട്.
