തുടര്‍ച്ചയായി ശമ്പളം മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ സി.ഐ.ടി.യു ഒഴികെയുള്ള യൂണിയനുകളാണ് 24 മണിക്കൂര്‍ സൂചന പണിമുടക്ക് നടത്തുന്നത്. ഇന്ന് രാത്രി 12 മണി വരെയാണ് സമരം. സമരം പല സര്‍വീസുകളേയും ബാധിച്ചു. സിറ്റി സര്‍വീസുകളേയും ദീര്‍ഘദൂര സര്‍വീസുകളെയുമാണ് പണിമുടക്ക് കാര്യമായി ബാധിച്ചത്. തമ്പാനൂരില്‍ നിന്ന് പുറപ്പെടേണ്ട സ്കാനിയ, ലോഫ്ലോര്‍ ബസുകള്‍ സര്‍വീസ് നടത്തിയില്ല. കോട്ടയം, വൈക്കം ഡിപ്പോകളില്‍ നിന്ന് ഒരു ബസും സര്‍വീസ് നടത്തിയില്ല. കൊട്ടാരക്കര ഡിപ്പോയിലും സമരം പൂര്‍ണമാണ്. സര്‍വീസ് നടത്താനെത്തിയ ഡ്രൈവറെ സമാരാനുകൂലികള്‍ മര്‍ദിക്കുകയും ചെയ്തു. പരിക്കേറ്റ കായംകുളം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെടുമങ്ങാട് സമരക്കാരും ജോലിക്കെത്തിയവരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതേസമയം സമരം അനാവശ്യമെന്നും എന്ത് കാര്യത്തിനാണ് സമരമെന്നറിയില്ലെന്നും ഗതാഗതമന്ത്രി പ്രതികരിച്ചു. ഉടന്‍ ശമ്പള വിതരണം ഉണ്ടായിട്ടില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് യൂണിയനുകളുടെ തീരുമാനം.