കൊച്ചി: അങ്കമാലിയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തത്തെുടര്‍ന്ന് സംസ്ഥാനത്തെ റെയില്‍ ഗതാഗതം താറുമാറായപ്പോള്‍ ലാഭമുണ്ടാക്കിയത് കെ എസ് ആര്‍ ടി സി.

കഴിഞ്ഞ ദിവസം എറണാകുളം, തൃശൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങി വിവിധ ഡിപ്പോകള്‍ക്ക് കൊയ്ത്തായിരുന്നു. തിങ്കളാഴ്ച മാത്രം എറണാകുളം ഡിപ്പോയില്‍ നിന്ന് മാത്രം കോഴിക്കോട്, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പന്ത്രണ്ടോളം അധിക സര്‍വ്വീസുകളാണ് കെ എസ് ആര്‍ ടി സി നടത്തിയത്.

കലക്ഷന്‍ കുറഞ്ഞ റൂട്ടുകള്‍ റദ്ദാക്കിയും ദീര്‍ഘദൂര, സ്പെഷല്‍ സര്‍വിസുകള്‍ നടത്തി. തിരുവനന്തപുരത്തുനിന്ന് എറണാകുളം, തൃശൂര്‍ ഭാഗങ്ങളിലേക്ക് പതിമൂന്ന് സ്പെഷല്‍ സര്‍വിസ് നടത്തി. കോഴിക്കോട്ടുനിന്ന് നെടുമ്പാശ്ശേരിയിലേക്ക് രണ്ടും പാലക്കാട്ടുനിന്ന് തൃശൂര്‍, എറണാകുളം ഭാഗങ്ങളിലേക്ക് ഇരുപത്തിയെട്ടും സ്പെഷല്‍ സര്‍വിസ് നടത്തി.

പാലക്കാട് ഡിപ്പോയില്‍ ഞായറാഴ്ച മാത്രം നാല് ലക്ഷം രൂപയുടെ അധിക കലക്ഷനാണ് ലഭിച്ചത്. ജില്ലയില്‍ ആകെ ആറുലക്ഷം രൂപയുടെ വര്‍ധനയുണ്ടായെന്നാണ് കണക്കാക്കുന്നത്.

തൃശൂരില്‍നിന്ന് തിങ്കളാഴ്ച എറണാകുളത്തേക്ക് അഞ്ച് സ്പെഷല്‍ സര്‍വിസാണ് നടത്തിയത്. കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി, ഗുരുവായൂര്‍ -തിരുവനന്തപുരം എക്സ്പ്രസ്, എറണാകുളം -നിലമ്പൂര്‍ പാസഞ്ചര്‍ തുടങ്ങിയ ട്രെയിനുകള്‍ റദ്ദാക്കിയതോടെ ഈ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരില്‍ ഭൂരിഭാഗവും കെ എസ് ആര്‍ ടി സിയെയാണ് ആശ്രയിച്ചത്