തിരുവനന്തപുരം: ജീവനക്കാരുടെ എതിര്‍പ്പിനിടയിലും കെ എസ് ആര്‍ ടി സിയിലും സര്‍ക്കാര്‍ സര്‍വീസിലും കാതലായ മാറ്റങ്ങള്‍ വരുത്താൻ ഉറച്ച നിലപാടെടുത്താണ് ഒന്നാം വാര്ഷികം ആഘോഷിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ മികച്ച ഭരണ നേട്ടങ്ങളില്‍ ചിലത്.

ആരുവിചാരിച്ചാലും രക്ഷപ്പെടില്ലെന്നു പറഞ്ഞ് പലരും എഴുതി തള്ളിയ കെ എസ് ആര്‍ ടി സിയിൽ എല്ലാ ശരിയാക്കുമെന്ന പ്രതീതിയാണ് ഒന്നാം വര്‍ഷത്തിൽ പിണറായി സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. തൊഴിലാളികളുടെ മുറുമുറുപ്പിനിടയിലും ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം സര്‍ക്കാര്‍ ബെല്ലടിച്ചു നിര്‍ത്തി. സുശീൽ ഖന്ന സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശ നടപ്പാക്കി. മെക്കാനിക്കൽ ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടിയാക്കി . ഇതിനെതിരെ നടന്ന സമരത്തെ ശക്തമായി നേരിടാനും സര്‍ക്കാരിനു കഴിഞ്ഞു. പതിനായിരം രൂപയ്ക്ക് താഴെ വരുമാനമുള്ള സര്‍വീസുകളിലും ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്താലാക്കാൻ പോകുന്നു.

അതുപോലെ സെക്രട്ടറിയറ്റ് ജീവനക്കാരുടെ കടുത്ത എതിര്‍പ്പ് വകവയ്ക്കാതെ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് നടപ്പാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇതിനായുള്ള ചട്ടങ്ങള്‍ തയ്യാറാക്കി തുടങ്ങി. കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമാകുന്നു. സന്നദ്ധ സംഘടനകളെ അടക്കം പങ്കെടുപ്പിച്ച് എല്ലാ വീടുകളിലും വൈദ്യുതിയെത്തിക്കാനും ആദ്യ വര്‍ഷത്തിൽ സര്‍ക്കാരിനായി. പദ്ധതി പ്രകാരം ഒരു ലക്ഷത്തി അൻപത്തി ഒന്നായിരം വീടുകള്‍ക്കാണ് വൈദ്യുതി കിട്ടിയത് .20,000ത്തോളം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് വയറിങ് ചെയ്ത് വൈദ്യുതി കൊടുത്തു . ലൈന്‍ വലിക്കാൻ തടസമുള്ളതോ വൈദ്യുതി കണക്ഷന്‍ എടുക്കാൻ താല്‍പര്യമില്ലാത്തോ ആയ ആയിരത്തോളം വീടുകളിലേ ഇനി വൈദ്യുതിയെത്താനുള്ളൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വാദം .