തിരുവനന്തപുരം: സംസ്ഥാനത്ത് സർവ്വീസ് നടത്തേണ്ട 260 ലോ ഫ്ലോർ കെ എസ് ആർ ടി സി ജൻറം ബസ്സുകൾ കട്ടപ്പുറത്ത്. കട്ടപ്പുറത്തായതിൽ 60 എ സി വോൾവോ ബസ്സുകളും ഉള്‍പ്പെടും. ദിവസേന കളക്ഷൻ ഇനത്തിൽ 52 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടും അധികാരികൾ നടപടി എടുക്കുന്നില്ല. ദീർഘദൂര ബസ്സുകളുടെ സർവ്വീസ് നിലച്ചതോടെ യാത്ര ദുരിതവും ഏറുകെയാണ്.
ജൻറം ബസ്സുകളുടെ അറ്റകുറ്റപ്പണി നടത്തിയിരുന്ന സ്വകാര്യ കമ്പനിക്ക് കെ എസ് ആർ ടി സി മൂന്ന് കോടി 54 ലക്ഷം രൂപ കുടിശ്ശിക നൽകാനുണ്ട്. കമ്പനി പണി നിർത്തിയതോടെ കേടായ ബസുകൾ ഓടാതായി. 667 ലോഫ്ലോർ ബസ്സുകളുള്ളതിൽ കഴിഞ്ഞ തിങ്കളാഴ്ച സർവ്വീസ് നടത്തിയത് 407 എണ്ണം. തിരുവനന്തപുരത്ത് 77 ഉം എറണാകുളത്ത് 70 ബസ്സുകൾ കട്ടപ്പുറത്താണ്.
ദീർഘദൂര യാത്രക്കാർ ഏറെ ആശ്രയിക്കുന്ന ലോഫ്ലോർ എ സി വോൾവോ ബസ്സുകളിൽ സർവ്വീസ് നടത്തിയിരുന്നവയിൽ പകുതിയിലേറെയും പണിമുക്കി കിടക്കുന്നു. പലതിനും ഓയിൽ മാറ്റുന്നത് പോലുള്ള നിസ്സാര അറ്റകുറ്റപണികളേ ഉള്ളൂ. കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ബസുകളിലേറെയും കട്ടപ്പുറത്തായത്.
20000 മുതൽ 30000 വരെ കളക്ഷൻ കിട്ടിയിരുന്ന ബസുകളാണിത്. 20000 രൂപ ഒരു സർവ്വീസിനെന്ന നിലയിൽ കണക്ക് കൂട്ടിയാലും ദിനം പ്രതി കളക്ഷൻ ഇനത്തിൽ 52 ലക്ഷം രൂപയുടെ നഷ്ടം. അഞ്ഞൂറിലേറെ തൊഴിലാളികൾക്ക് തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുന്നു. ഒപ്പം യാത്രക്കാർക്ക് ദുരിതവും. എന്നാല്‍ പ്രശ്ന പരിഹാരത്തിന് നടപടി തുടങ്ങിയെന്നുള്ള ഒഴുക്കൻ മറപടി മാത്രമാണ് എം ഡിയുടെ ഓഫീസിൽ നിന്ന് കിട്ടുന്നത്.
