Asianet News MalayalamAsianet News Malayalam

തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍; കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതി ഇങ്ങനെ

തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിംഗ് ലഭ്യമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് ഏജന്‍സിയായി 'അഭി ബസി'ന്റെ ഓണ്‍ലൈന്‍ വഴി കെഎസ്ആര്‍ടിസി ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു

ksrtc joins with abhi bus for providing good service
Author
Thiruvananthapuram, First Published Nov 21, 2018, 3:30 PM IST

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള യാത്രാ സൗകര്യം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് കെഎസ്ആര്‍ടിസിയുടെ പുതിയ പരിഷ്കാരം. തീര്‍ത്ഥാടകര്‍ക്ക് 30 ദിവസം മുന്‍പ് ടിക്കറ്റ് ബുക്കിംഗ് ലഭ്യമാക്കുന്ന തരത്തില്‍ ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ ബസ് ടിക്കറ്റിങ് ഏജന്‍സിയായി 'അഭി ബസി'ന്റെ ഓണ്‍ലൈന്‍ വഴി കെഎസ്ആര്‍ടിസി ടിക്കറ്റ് ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇതിനായുള്ള കരാറില്‍ കെഎസ്ആര്‍ടിസിയും അഭി ബസും ഒപ്പു വെച്ചു. അഭി ബസിനു കീഴില്‍ വരുന്ന രാജ്യത്തെ അഞ്ചാമത്തെ സംസ്ഥാനമാണ് കേരളം. തെലങ്കാന, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവില്‍ അഭി ബസാണ് ഓണ്‍ലൈന്‍ ടിക്കറ്റിങ് സംവിധാനം നടത്തുന്നത്.

ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസിയും അഭി ബസുമായി ഓണ്‍ലൈന്‍ ടിക്കറ്റ് രംഗത്ത്  കരാറില്‍ ഏര്‍പ്പെട്ടത്. www.online.keralartc.com  എന്ന കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഉപഭോക്താക്കള്‍ക്ക് 30 ദിവസം മുമ്പേ ഇനി ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ സാധിക്കും. മൊബൈല്‍ ഫോണിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനായി അഭി ബസ് കെഎസ്ആര്‍ടിസിക്കായി ഒരു മൊബൈല്‍ ആപ്പും അവതരിപ്പിക്കുന്നുണ്ട്. 

രാജ്യത്തെ സ്വകാര്യ-സര്‍ക്കാര്‍ ബസുകളിലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങില്‍ അഭി ബസ് മുന്നില്‍ നില്‍ക്കുന്നുവെന്നും കെഎസ്ആര്‍ടിസിയുമായി സഹകരിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ അഭി ബസിന്റെ സാന്നിധ്യം ശക്തമാകുകയാണെന്നും അഭി ബസ് സ്ഥാപകനും സിഇഒയുമായ സുധാകര്‍ റെഡ്ഡി ചിറ പറഞ്ഞു.

ശബരിമല സീസണ്‍ പ്രമാണിച്ച് വരുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ടിക്കറ്റ് ബുക്കിങിനായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശബരിമല യാത്രക്കാര്‍ക്കായി സമയാധിഷ്ഠിത ടിക്കറ്റ് റിസര്‍വേഷന്‍ സംവിധാനമാണ് തയ്യാറാക്കിയിട്ടുള്ളത്. നിലയ്ക്കലിനും പമ്പയ്ക്കും ഇടയില്‍ ചെയിന്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇത് ഉപകരിക്കും.

www.sabarimala.keralartc.com സൈറ്റില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ശബരിമലയില്‍ എത്തുന്ന എല്ലാ വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അഭി ബസിന്റെ പ്രചരണാര്‍ത്ഥം തെലുങ്ക് നടന്‍ മഹേഷ് ബാബുവിനെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്.

Follow Us:
Download App:
  • android
  • ios