തിരുവനന്തപുരം: കെ എസ് ആര്‍ ടി സി മെക്കാനിക്കല്‍ ജീവനക്കാരില്‍ ഒരു വിഭാഗത്തിന്റെ പണിമുടക്ക് തുടരുകയാണ്. സംസ്ഥാനത്താകെ 20 ശതമാനം സര്‍വ്വീസ് മുടങ്ങിയെന്നാണ് മാനേജ്‌മെന്റിന്റെ കണക്ക്. ജോലിക്ക് എത്താത്ത സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യാനും എം പാനലുകാരെ പിരിച്ച് വിടാനുമാണ് തീരുമാനം. അതിനിടെ തിരുവനന്തപുരത്ത് പണിമുടക്കുന്നവരെ എം ഡി രാജമാണിക്യം ചര്‍ച്ചക്ക് വിളിച്ചു.
ഡബിള്‍ ഡ്യൂട്ടി സിംഗിള്‍ ഡ്യൂട്ടിയാക്കിയ പരിഷ്‌കാരം അംഗീകരിക്കാനാകില്ലെന്ന കടുംപിടുത്തത്തിലാണ് ഒരു വിഭാഗം ജീവനക്കാര്‍. സര്‍വ്വീസ് സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലെ ധാരണ തൊഴിലാളി വിരുദ്ധമെന്നാണ് ആക്ഷേപം. മൂന്നാം ദിവസവും പണിമുടക്ക് തുടര്‍ന്നതോടെ സര്‍വ്വീസുകള്‍ പലതും തടസപ്പെട്ടു. സംസ്ഥാനത്താകെ 20 ശതമാനം ബസ്സുകള്‍ ഓടിക്കാനായിട്ടില്ലെന്ന് കെ എസ് ആര്‍ ടി സി പറയുന്നു. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലും വടക്കന്‍ ജില്ലകളില്‍ പൊതുവെയുമാണ് കൂടുതല്‍ സര്‍വ്വീസുകള്‍ മുടങ്ങിയത്. ധാരണ ലംഘിച്ച് പണിമുടക്കുന്നവരെ അംഗീകരിക്കില്ലെന്ന് തൊഴിലാളി സംഘടനകളും പറയുന്നു. അതിനിടെ കാസര്‍കോട് കാഞ്ഞങ്ങാട് ഡിപ്പോയില്‍ അടക്കം ജീവനക്കാര്‍ കൂട്ടത്തോടെ സംഘടനയില്‍ നിന്ന് രാജിവയ്ക്കാനും തീരുമാനിച്ചു.
3200ഓളം സ്ഥിരം ജീവനക്കാരും എണ്ണൂറോളം എം പാനല്‍ ജീവനക്കാരുമാണ് മെക്കാനിക്കല്‍ വിഭാഗത്തില്‍ പണിയെടുക്കുന്നത്. ജോലിക്കെത്താത്തവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മാനേജ്മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യാനും എം പാനല്‍കാരെ പിരിച്ച് വിടാനുമാണ് നീക്കം.
