തിരുവനന്തപുരം: ഈ മാസം 16 മുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന കെഎസ്ആര്‍ടിസി പണിമുടക്ക് ഒഴിവാക്കാന്‍ അധികൃതര്‍ ഇടപെടുന്നു. ജീവനക്കാരുമായി ചർച്ച നടത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. പണിമുടക്കിലേയ്ക്ക് ജീവനക്കാർ നീങ്ങില്ലെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിമാരുടെ നേതൃത്വത്തിലുണ്ടാക്കിയ ഒത്തുത്തീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാതിരുന്നതോടെയാണ് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. സംയുക്ത് ട്രേഡ് യുണിയന്‍റേതാണ് തീരുമാനം. കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട് മുഴുവന്‍ താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നുള്ള ആവശ്യവും ജീവനക്കാര്‍ ഉന്നയിക്കുന്നുണ്ട്.

അതേസമയം, പിരിച്ചുവിട്ട കെഎസ്ആർടിസി താൽക്കാലിക ജീവനക്കാർ വീണ്ടും സമരം ശക്തമാക്കുന്നു. ഈ മാസം 21ന് എംപാനൽ കൂട്ടായ്മ സെക്രട്ടേറിയേറ്റിന് മുന്നിൽ ശയന പ്രദക്ഷിണം നടത്തും. തൊഴിലാളി യൂണിയനുകളും സർക്കാരും വഞ്ചിച്ചെന്നാണ് ഇവരുടെ ആരോപണം.

ഏകദേശം 3,861 കണ്ടക്ടർക്കാണ് ജോലി നഷ്ടപ്പെട്ടത്. സർവ്വീസിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമ പോരാട്ടം നടക്കുമ്പോഴും സമരത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് എംപാനൽ കൂട്ടായ്മ. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്നാരോപിച്ച് സുപ്രീംകോടതിയിൽ എംപാലനലുകാർ ഹർജി നൽകിയിട്ടുണ്ട്.

ലോംഗ് മാർച്ചുൾപ്പെടെ നടത്തിയിട്ടും സർക്കാരും തൊഴിലാളി സംഘടനകളും ഒറ്റപ്പെടുത്തിയെന്നാരോപിച്ചാണ് അടുത്ത ഘട്ടം സമരം. കെഎസ്ആർടിസിയിലെ യൂണിയനുകൾ ആത്മാർത്ഥമായ സമീപനമല്ല സ്വീകരിക്കുന്നത്. പലരും ഇനിയൊരു സർക്കാർ ജോലി കിട്ടാനുളള പ്രായപരിധി മാനദണ്ഡത്തിന് പുറത്തുളളവരാണ്. ഈ സാഹച്യത്തിൽ പിരിച്ചുവിടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരമോ പുനരധിവാസമോ നൽകണമെന്നും കൂട്ടായ്മ ആവശ്യപ്പെടുന്നു.